ധീരജ് വധം ; കുറ്റപത്രം സമർപ്പിച്ചു
ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1600 പേജുള്ള കുറ്റപത്രമാണ് മുട്ടത്തെ ഇടുക്കി ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതകം നടന്ന് 81 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. എട്ടുപേരാണ് കേസിലെ പ്രതികൾ. ഇതിൽ ആറുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
എസ്എഫ്ഐ നേതാവും എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിയുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി ഏബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി, ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ സുപ്രധാന തെളിവായ കത്തി ഇതുവരെ കണ്ടെടുക്കാനായില്ല.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിന് ആയിരുന്നു ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കോളജ് പരിസരത്തുണ്ടായ സംഘർഷത്തിനിടെ പോക്കറ്റിൽ കരുതിയിരുന്ന മടക്കുപിച്ചാത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന് ധീരജിനെയും കുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു.
ധീരജിന്റെ ഇടതു നെഞ്ചിൽ മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം. അഭിജിത്തിന്റെ നെഞ്ചിലും മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റു. അമലിന്റെ കഴുത്തിൽ താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘം ചേരൽ, കൊലപാതകം, വധശ്രമം, മർദനം, തെളിവു നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 1600 ലേറെ പേജുകളുള്ള കുറ്റപത്രം ആറ് വാല്യങ്ങളായാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവൽ പോൾ സമർപ്പിച്ചത്.
കേസിൽ 143 സാക്ഷികളാണുള്ളത്. തൊണ്ടിമുതലിനൊപ്പം 85 പ്രമാണങ്ങളും തെളിവായി ഹാജരാക്കി. ഒന്നാം പ്രതി നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ 5ന് വാദം കേൾക്കുന്നതിനായി മാറ്റിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതി സമൻസ് അയയ്ക്കും. തുടർന്ന് വിചാരണ നടപടികളിലേക്ക് കടക്കും. ധീരജ് കേസിന്റെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സുരേഷ് ബാബു തോമസിനെ സർക്കാർ നിയമിച്ചിട്ടുണ്ട്.