ഇന്നും വർധിച്ചു ഇന്ത്യയിൽ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും
ഇന്നും വർധിച്ചു ഇന്ത്യയിൽ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും! എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുത്തനെ വർധിപ്പിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിയുകയാണ്. റഷ്യൻ–യുക്രെയ്ൻ സമാധാന ചർച്ചകളും കോവിഡ് മൂലം ചൈനയിൽനിന്നുള്ള എണ്ണ ഡിമാന്‍ഡ് കുറയുന്നതും ക്രൂഡ്ഓയിൽ വില കുറയാനുള്ള കാരണങ്ങളായി. അമേരിക്ക കരുതൽ ശേഖരത്തിൽനിന്ന് കൂടുതൽ എണ്ണ എടുക്കുന്നുവെന്ന പ്രഖ്യാപനവും ക്രൂഡ് വില കുറച്ചു. ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം വിപണി പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
റഷ്യ–യുക്രെയ്ൻ ചർച്ചകളുടെ വെളിച്ചത്തിൽ കഴിഞ്ഞ ദിവസം അമേരിക്കൻ ക്രൂഡിന്റെ വില ബാരലിന് 103 ഡോളർ വരെ ഇടിഞ്ഞിരുന്നു. കരുതൽ ശേഖരത്തിൽനിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ എടുക്കുമെന്നുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്കൻ ക്രൂഡിന്റെ വില 100 ഡോളറിനും താഴെയെത്തി.
സമാധാന ചർച്ച ബ്രെന്റ് ക്രൂഡിന്റെ വില 111 ഡോളറിലേക്കു കുറയാൻ കാരണമായെങ്കിൽ, അമേരിക്കയുടെ ഓയിൽ റിസർവ് തുറക്കാനുള്ള പ്രഖ്യാപനം വന്നതിനു ശേഷം വില 104 ഡോളറിലേക്കു കുറഞ്ഞു. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം രാജ്യാന്തര വിപണിയിലെ ക്രൂഡ്ഓയിൽ വില 139 ഡോളർ വരെ ഉയർന്നിരുന്നു.എന്നാൽ, തിരഞ്ഞെടുപ്പായതിനാൽ ആ സമയങ്ങളിൽ ഇന്ത്യയിൽ എണ്ണവില വർധിപ്പിച്ചിരുന്നില്ല.