കെഎസ്ആർടിസി ഡിപ്പോ നിർമാണത്തിൽ വീണ്ടും അപാകത…
തൊടുപുഴ : ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കെഎസ്ആർടിസിയുടെ പുതിയ ഡിപ്പോ നിർമാണത്തിലെ അപാകതകൾ അധികൃതർക്ക് വീണ്ടും വീണ്ടും പൊല്ലാപ്പാകുന്നു. യാത്രക്കാർക്കായി ബസ് പാർക്ക് ചെയ്യുന്നതിനുള്ള ട്രാക്കിൽ മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് പുതിയ പ്രതിസന്ധി. ഇതെ തുടർന്ന് ഇവിടെ കോൺക്രീറ്റ് ചെയ്ത് ഉയർത്തി വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കുന്ന തിരക്കിലാണ് അധികൃതർ. ഇന്നലെ ഇതിനായി ഇവിടെ കോൺക്രീറ്റ് ചെയ്ത് തുടങ്ങി. ആയിരത്തിലേറെ ചതുരശ്ര അടി സ്ഥലമാണ് ഇത്തരത്തിൽ കോൺക്രീറ്റ് ചെയ്യുന്നത്. ഇതിന് ലക്ഷങ്ങൾ ചെലവ് വരും.
ഒരു മാസം മുൻപ് ഡിപ്പോയുടെ അടി നിലയിൽ ബസ് പാർക്കിങ് ഭാഗത്ത് ഇട്ട കോൺക്രീറ്റ് ഉയർന്നു പോയത് കുത്തി പൊളിച്ച് താഴ്ത്തിയത് വൻ വിവാദമായിരുന്നു. ബസ് പാർക്ക് ചെയ്യുമ്പോൾ മുകൾ ഭാഗത്ത് ഇടിക്കുന്നതിനെ തുടർന്നാണ് കോൺക്രീറ്റ് കുത്തി പൊളിച്ചത്. ഇതിനും ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. പിന്നീട് ഇവിടെ താഴ്ത്തി ടൈൽ പാകിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഒന്നാം നിലയിൽ ബസ് പാർക്കിങ് സ്ഥലത്ത് വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നത് പ്രതിസന്ധിയായത്. ഇതാണ് കോൺക്രീറ്റ് ഇട്ട് ഉയർത്തി പണിയുന്നത്.
നേരത്തെ കെട്ടിട സമുച്ചയത്തിന്റെ മുകൾ ഭാഗത്ത് കോൺക്രീറ്റ് ചെയ്തപ്പോൾ ഇട ഭാഗത്തുള്ള വിടവിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് പരിഹരിക്കാൻ കോൺക്രീറ്റിങ് നടത്തിയിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെഎസ്ആർടിസി ഡിപ്പോയുടെ നിർമാണത്തിലെ അപാകത കാരണം ലക്ഷങ്ങളുടെ അധിക ചെലവാണ് ഉണ്ടാകുന്നത്. ഇതിനു ബന്ധപ്പെട്ട എൻജിനീയറിങ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഇതിനിടെ ഡിപ്പോയുടെ ഉദ്ഘാടനം അടുത്ത മാസം 8ന് നടത്തുമെന്നാണ് അധികൃതർ പറയുന്നത്.