വിലയിടിവും വേനൽ രോഗങ്ങളും : ഏലം കർഷകർ ആശങ്കയിൽ
രാജകുമാരി: ജില്ലയിൽ ഏലം കൃഷി ചെയ്യുന്ന ഭൂരിഭാഗം മേഖലകളിലും ഇതുവരെ വേനൽ മഴ ലഭിക്കാത്തത് പ്രതിസന്ധിയാകുന്നു. മഴ ലഭിച്ച് 4 മാസം കഴിഞ്ഞ പല സ്ഥലങ്ങളിലും ഏലം ഉണങ്ങി നിലം പതിച്ചു. ഏലം നനയ്ക്കുന്നതിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടെ ചില സ്ഥലങ്ങളിൽ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് ഏലം കൃഷിയിടം നശിച്ചിരുന്നു.
ഇൗ അവസ്ഥ തുടരുകയാണെങ്കിൽ ഏലം കൃഷി ചെയ്യുന്നവർ ദുരിതത്തിലാകുമെന്നാണ് കർഷകർ പറയുന്നത്. വേനൽ ചൂടിനെതിരെ കൃഷിയിടങ്ങളിൽ തണൽ വലകൾ കെട്ടിയാണ് കർഷകർ പ്രതിരോധം തീർക്കുന്നത്. വേനൽ കാലത്ത് രൂക്ഷമാകുന്ന ചില രോഗങ്ങളും ഏലം കൃഷിയുടെ നട്ടെല്ലൊടിക്കുന്നു. വിവിധ തരം ഫംഗസ് ബാധകൾ, ഫ്യൂസേറിയം, ഷൂട്ട് ഫ്ലൈ, മീലി ബഗ്സ്, തണ്ടു തുരപ്പൻ, റെഡ് സ്പൈഡർ തുടങ്ങി ഒരു ഡസനോളം രോഗങ്ങളാണ് വേനലിൽ ഏലത്തിനെ കടന്നാക്രമിക്കുന്നത്.
കൃത്യമായ പരിപാലനത്തിലൂടെ മാത്രമേ ഇൗ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. എന്നാൽ ഇൗ രോഗങ്ങൾക്കെതിരെ പ്രയോഗിക്കാറുള്ള മരുന്നുകൾക്ക് പലതിനും വില കൂടുതലാണ്. ഏലത്തിന് ഇപ്പോഴുള്ള വില വച്ച് ഇൗ മരുന്നുകളൊന്നും വാങ്ങി പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉൽപാദനം 75% വരെ കുറവായ ഇൗ വേനൽ കാലത്തും ഏലം വില 1000 കടക്കാത്തത് അടുത്ത സീസണിലെയും വിലയിടിവിന്റെ സൂചനയാണെന്ന് വ്യാപാരികളും പറയുന്നു.