അലക്കിത്തേച്ച വേഷം, ചെളിപ്പാട് വീണ ജീവിതം;കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ ഹമീദിനെക്കുറിച്ച്
അലക്കിത്തേച്ച കുപ്പായമിയിട്ടു മാത്രമേ ഹമീദിനെ നാട്ടുകാർ പുറത്തു കണ്ടിട്ടുള്ളൂ. കയ്യിൽ ധാരാളം കാശുള്ള ആൾ, പക്ഷേ, മക്കളുമായി നിരന്തരം വഴക്ക്. ചീനിക്കുഴി എന്ന ചെറിയ പട്ടണത്തിലെ നാട്ടുകാർ പറഞ്ഞത് ഹമീദിന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. ചീനിക്കുഴിയിൽ ആലിയക്കുന്നേൽ തറവാട്ടിൽ ജനിച്ചു വളർന്ന ഹമീദ് പൊടിമില്ലും അരിക്കച്ചവടവുമായാണ് ജീവിച്ചിരുന്നത്. പാരമ്പര്യമായി ഭൂമിയും കടമുറികളും സ്വത്തായുള്ള കുടുംബമായിരുന്നു ആലിയക്കുന്നേൽ. ഹമീദ് നാട്ടുകാരോട് അധികം ഇടപഴകാറില്ല. പൊതുവെ പ്രശ്നക്കാരനല്ലെങ്കിലും വീട്ടിൽ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ലെന്ന് അയൽക്കാർ പറയുന്നു. ചെറിയ പ്രശ്നങ്ങൾക്ക് പോലും മക്കൾക്കെതിരെ കേസ് കൊടുക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
20 വർഷം മുൻപ് ഭാര്യയെയും 3 മക്കളെയും ഉപേക്ഷിച്ച് ഹമീദ് ഇടുക്കി കരിമ്പനിൽ മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഹമീദിന്റെ പിതാവ് സ്വത്തു മുഴുവൻ ഹമീദിന്റെ മൂന്നു മക്കളുടെയും പേരിലേക്ക് ഇഷ്ടദാനമായി എഴുതിവച്ചു. അഞ്ചു വർഷം മുൻപ് കരിമ്പനിലുള്ള വീട്ടിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ചീനിക്കുഴിയിലേക്ക് തിരികെ വന്നു. ഇതിനിടെ ഹമീദിന്റെ മകൾ ഷൈനി ജീവനൊടുക്കിയിരുന്നു. മൂന്നു വർഷം മുൻപ് ഭാര്യ ഫാത്തിമയും മരിച്ചു.
തറവാട്ട് വീടുള്ള 3 ഏക്കർ സ്ഥത്ത് ഇളയമകൻ ഫൈസലും കുടുംബവുമായിരുന്നു താമസം. ഹമീദ് ഇവിടേക്കാണ് തിരികെ എത്തിയത്.പേരക്കുട്ടികളെ ഉപദ്രവിക്കുന്നതായി പരാതി വന്നു. പണം പലിശയ്ക്ക് കൊടുത്താണ് ഹമീദ് ഉപജീവന മാർഗം കണ്ടെത്തിയത്. മക്കൾ തന്നെ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഇതിനിടെ ഹമീദ് കോടതിയെ സമീപിച്ചു. ഇതോടെ 18 സെന്റ് സ്ഥലം ഇയാൾക്ക് തിരികെ ലഭിച്ചു. മൂന്നു നേരം ഭക്ഷണവും കിടക്കാൻ ഒരു മുറിയും ഹമീദിനു നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. കൂടുതൽ ഭൂമി വേണമെന്നും ജീവനാംശം വേണമെന്നും പറഞ്ഞു തർക്കം പതിവായിരുന്നു. ഇതോടെ ഹമീദിന് തറവാട്ടുവീട് കൊടുത്ത് പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറാനായിരുന്നു ഫൈസലിന്റെ പദ്ധതി.
കുറ്റബോധം തെല്ലുമില്ലാത്ത വ്യക്തിത്വ വൈകല്യം
കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ പ്രതിയുടെ മാനസികാവസ്ഥയെപ്പറ്റി ഡോക്ടറുടെ വിലയിരുത്തൽ
ഡോ. രമേഷ് ചന്ദ്രൻ
സാധാരണഗതിയിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എന്തെങ്കിലും വ്യക്തിത്വ വൈകല്യം ഉള്ളവരായിരിക്കും. പ്രത്യേകിച്ച്, സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം ഉള്ളവർ അല്ലെങ്കിൽ ലഹരിക്ക് അടിമകളായവർ. സ്വാർഥലാഭത്തിനായി ഉറ്റവരുടെ ജീവനെടുക്കുന്നവരിൽ നല്ലൊരു ശതമാനവും സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ എഎസ്പിഡി (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) എന്ന അവസ്ഥയിൽ ഉള്ളവരാണ്. ലക്ഷ്യങ്ങൾ നേടുന്നതിനായി ഏതുതരം മാർഗങ്ങളും ഇക്കൂട്ടർ സ്വീകരിക്കും. ചിലർ ലഹരിക്ക് അടിമകളാകാനും സാധ്യതയുണ്ട്. എത്ര വലിയ കുറ്റകൃത്യം ചെയ്താലും ഇവർക്കു കുറ്റബോധം ഉണ്ടാകില്ല. ഇത്തരം സ്വഭാവദൂഷ്യങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു വ്യക്തി വളർന്നു വരുന്ന സാഹചര്യങ്ങളും ഈ മാനസികാവസ്ഥയ്ക്കു അടിസ്ഥാനമാണ്. ചീനിക്കുഴിയിലെ സംഭവത്തിൽ പ്രതിയുടെ ‘ഹിസ്റ്ററി’ അറിഞ്ഞെങ്കിൽ മാത്രമേ ഇതുസംബന്ധിച്ച് പ്രതികരിക്കാനാകൂ. ഇയാൾക്കു താൻ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. മകനോടും കുടുംബത്തോടും നാളുകളായി പക മനസ്സിൽ സൂക്ഷിച്ചിരുന്നതായാണ് വാർത്തകളിൽ നിന്നു മനസ്സിലാക്കുന്നത്.