പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാനുള്ള പുതിയ പട്ടികയിലും കേരളത്തിന് അവഗണന
കൊച്ചി : പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാനുള്ള പുതിയ പട്ടികയിലും കേരളത്തിന് അവഗണന. റെയിൽവേ ബോർഡ് അംഗീകരിച്ച പുതിയ പട്ടികയിൽ കേരളത്തിൽ നിന്നു തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ മാത്രമാണുള്ളത്.
എറണാകുളം–കായംകുളം (ആലപ്പുഴ വഴി), എറണാകുളം–കൊല്ലം (കോട്ടയം വഴി), കൊല്ലം–കോട്ടയം, എറണാകുളം–ഗുരുവായൂർ, തൃശൂർ–കണ്ണൂർ, തൃശൂർ–ഗുരുവായൂർ, നിലമ്പൂർ–ഷൊർണൂർ, നിലമ്പൂർ–പാലക്കാട്, ഷൊർണൂർ–കോയമ്പത്തൂർ, കോഴിക്കോട്–ഷൊർണൂർ, കോയമ്പത്തൂർ–തൃശൂർ, ഈറോഡ് –പാലക്കാട്, കോയമ്പത്തൂർ–പാലക്കാട് ടൗൺ പാസഞ്ചറുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒട്ടേറെ നിവേദനങ്ങളാണു വിവിധ സംഘടനകൾ റെയിൽവേക്കു നൽകിയിരുന്നത്. എന്നാൽ അവയൊന്നും പരിഗണിച്ചിട്ടില്ല.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാർശകൾ ദക്ഷിണ റെയിൽവേ ബോർഡിലേക്ക് അയച്ചെങ്കിലും ട്രെയിൻ ഓടിക്കാൻ അനുമതി കിട്ടിയില്ല. വിവിധ സോണുകളിലായി 111 പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനാണു ബോർഡ് ബുധനാഴ്ച ഉത്തരവിറക്കിയത്.