1 മുതൽ 8 വരെ ക്ലാസുകളിൽ ഒരു വിദ്യാർഥി പോലും കൊഴിഞ്ഞുപോകാത്ത 6 സംസ്ഥാനങ്ങളിൽ കേരളവും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (യുഡൈസ് പ്ലസ്) 2020–21 റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ആന്ധ്രപ്രദേശ്, ബിഹാർ, ഡൽഹി, മധ്യപ്രദേശ്, ബംഗാൾ എന്നിവയാണു മറ്റു സംസ്ഥാനങ്ങൾ.
അതേസമയം, സെക്കൻഡറി തലത്തിൽ (9, 10 ക്ലാസുകൾ) 7.1% ആണു കേരളത്തിലെ ഡ്രോപ്ഔട്ട് നിരക്ക്. അസമിൽ ഇതു 31% ആണ്. മേഘാലയയിൽ 27.9%, നാഗാലാൻഡിൽ 24.4%, ഗുജറാത്തിൽ 23.3% എന്നിങ്ങനെയാണു നിരക്ക്.കഴിഞ്ഞ വർഷം കേരളത്തിൽ പ്രീ പ്രൈമറി മുതൽ 12–ാം ക്ലാസ് വരെയായി 63,79,071 വിദ്യാർഥികളാണു പഠിച്ചത്. സർക്കാർ സ്കൂൾ 17,57,209, എയ്ഡഡ് 27,51,582, അൺ എയ്ഡഡ് 17,35,940 എന്നിങ്ങനെയാണു കണക്ക്. മറ്റു മാർഗങ്ങളിൽ പഠനം നടത്തുന്ന 1,34,340 പേരുമുണ്ട്.
സർക്കാർ സ്കൂളുകളിൽ 31,523 കുട്ടികൾ കൂടി
കേരളത്തിൽ 2019–20 ൽ മൊത്തം വിദ്യാർഥികളുടെ എണ്ണം 64,64,071 ആയിരുന്നെങ്കിൽ ജനസംഖ്യാച്ചുരുക്കം മൂലം 2020–21ൽ 85,000 പേർ കുറഞ്ഞു. എന്നിട്ടും സർക്കാർ സ്കൂളുകളിൽ 31,523 വിദ്യാർഥികൾ കൂടി.
കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ സ്കൂളുകൾ ഉപേക്ഷിച്ചു സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം ദേശീയതലത്തിലും വർധിച്ചു. 2019–20 ൽ 9.8 കോടി വിദ്യാർഥികളാണു സ്വകാര്യ സ്കൂളുകളിൽ പഠിച്ചതെങ്കിൽ 2020–21 ൽ ഇതു 9.5 കോടിയായി. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ 13.09 കോടിയിൽനിന്നു 13.49 കോടിയായി. രാജ്യത്തെ ആകെ സ്കൂൾ വിദ്യാർഥികളുടെ എണ്ണത്തിലും നേരിയ ഇടിവുണ്ട്– 26.452 കോടിയിൽനിന്ന് 26.444 കോടിയായി.