വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.45നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് വിവരം അഗ്നിശരക്ഷാസേനയെ അറിയിച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. അവിടെ നിന്ന് ഇരുനില വീട്ടിലേക്ക് തീപടരുകയായിരുന്നു.
വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു.