ഇനി വീട്ടിൽ എത്തും ചികിത്സ : ആധുനിക ടെലിമെഡിസിൻ സംവിധാനം ഒരുക്കി നെടുങ്കണ്ടം താലൂക്കാശുപത്രി.

വീട്ടിലിരുന്ന് ചികിത്സ ലഭ്യമാക്കുന്ന ആധുനിക ടെലിമെഡിസിൻ സംവിധാനം ഒരുക്കി നെടുങ്കണ്ടം താലൂക്കാശുപത്രി. ലോകത്തുള്ള ഏത് ഡോക്ടറുടെയും സേവനം ലഭ്യമാക്കി രോഗനിർണയവും ചികിത്സയും നിശ്ചയിക്കാവുന്ന ആധുനിക ടെലിമെഡിസിൻ സംവിധാനമാണ് താലൂക്കാശുപത്രി പാലിയേറ്റീവിൽ ഒരുക്കിയത്. എം.എം.മണിയുടെ ആവശ്യപ്രകാരം കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ടെലിമെഡിസിൻ ചികിത്സ സൗകര്യമൊരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എം.എം.മണി കെഎസ്എഫ്ഇയുമായി നടത്തിയ ചർച്ചയിൽ ഇത്തരമൊരു സൗകര്യം നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ തയാറാക്കാമെന്ന് തീരുമാനിച്ചത്.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽത്ത് സ്റ്റോറി സർജിക്കലാണ് ഉപകരണം നൽകിയത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മെഷീൻ കേരളത്തിൽ ആദ്യത്തേതെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇസിജി, പ്രമേഹം, രക്തസമ്മർദം തുടങ്ങി 60 പരിശോധനകൾ, തെർമൽ സ്കാനർ ഡോക്ടർമാരുമായുള്ള വിഡിയോ കോൺഫറൻസ്, വൈറ്റൽ ഡേറ്റ ഷെയറിങ് തുടങ്ങിയവയാണ് ഉപകരണത്തിലെ പ്രധാന സംവിധാനങ്ങൾ. തോട്ടം മേഖലയിലെ കിടപ്പുരോഗികൾക്കും ആദിവാസി മേഖലയിലും പ്രാഥമിക രോഗവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി ഡോക്ടർ എത്താതെ തന്നെ ചികിത്സ നൽകാവുന്ന വിധത്തിലാണ് ഉപകരണം.
വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലെ രോഗികൾക്ക് ഏറെ സഹായകരമാകുന്ന സംവിധാനമാണിത്. രോഗിയുടെ പരിശോധന നടക്കുന്ന അതേ സമയത്ത് ഡോക്ടർക്ക് ഓൺലൈനിൽ അതിന്റെ പുരോഗതി വിലയിരുത്താനാകും. തുടർന്ന് ആവശ്യമെങ്കിൽ രോഗിയുമായി വിഡിയോയിൽ സംവദിക്കാനും കഴിയും. ഐഎംഎയുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇതിന്റെ ആപ്പ് ഉപയോഗിക്കുന്ന ഡോക്ടർമാർ ഫെയ്സ്ബുക്കിൽ ലൈവാണോയെന്ന് അറിയാനാകുമെന്നതിനാൽ രോഗത്തിന് ചികിത്സ നൽകുന്ന ഡോക്ടറെ വേഗത്തിൽ കണ്ടെത്താനാവും. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനം എം.എം.മണി എംഎൽഎ നിർവഹിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അനുപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ്, കെ.എസ്എഫ്ഇ റീജനൽ മാനേജർ കെ.ഡി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.