കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തി : 8 അംഗ നായാട്ട് സംഘം അറസ്റ്റിൽ.
ഫോറസ്‌റ്റ് റേഞ്ച് ഓഫിസ് പരിധിയിൽ വരുന്ന നെല്ലിപ്പാറ വനമേഖലയിൽ രണ്ടാഴ്ച മുൻപ് കണ്ടെത്തിയത് നായാട്ട് സംഘം കൊലപ്പെടുത്തിയ കാട്ടുപോത്തിന്റെ അവശിഷ്ടം. സംഭവവുമായി ബന്ധപ്പെട്ട് 8 അംഗ നായാട്ടുസംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2 നാടൻ തോക്ക്, മാംസം കടത്തിയ 2 ഓട്ടോറിക്ഷകൾ, വെട്ടുകത്തി ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.
മാമലക്കണ്ടം അഞ്ചുകുടി സ്വദേശി കണ്ണൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ (32), നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണൻ (58), ശക്തിവേൽ (22), ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രഞ്ചു (39), പത്താം മൈൽ സ്വദേശി ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), കൊരങ്ങാട്ടിക്കുടി സ്വദേശികളായ സന്ദീപ് (35), സാഞ്ചോ (36) എന്നിവരെയാണ് മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ അറസ്റ്റ് ചെയ്തത്. 2 ആഴ്ച മുൻപാണ് പോത്തിന്റെ അസ്ഥികൂടം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് കുടുക്കിൽ നിന്നാണ് കേസിനു തുമ്പുണ്ടായത്.
ഇതോടൊപ്പം പ്രതികളിൽ ഒരാളുടെ കൈവശം നാടൻ തോക്ക് ഉണ്ടെന്ന വിവരവും ലഭിച്ചു. കാട്ടുപോത്തിനെ കുടുക്കിട്ടു വീഴ്ത്തിയ ശേഷം കണ്ണൻ, രാമകൃഷ്ണൻ എന്നിവർ ചേർന്നു വെടിവച്ച് കൊല്ലുകയായിരുന്നുവെന്നു തുടരന്വേഷണത്തിൽ വനപാലകർക്കു വിവരം ലഭിച്ചു. തുടർന്ന് മനീഷ്, സാൻജോ എന്നിവരുടെ ഓട്ടോറിക്ഷകളിൽ മാസം കയറ്റിക്കൊണ്ടു പോയതായും അറിവായി. 250 കിലോയോളം മാംസമാണു സംഘം ഓട്ടോറിക്ഷയിൽ കടത്തിയത്. തുടർന്ന് ആവശ്യക്കാർക്ക് വിൽപന നടത്തുകയായിരുന്നു. അടിമാലി, മൂന്നാർ, മാങ്കുളം മേഖലകളിലാണ് മാംസം കൂടുതലായി വിറ്റത്.