ഇടുക്കിയിൽ നിന്ന് 4 ഹരിത കർമസേനാംഗങ്ങൾ ദേശിയ സമ്മേളനത്തിൽ
ജില്ലയിലെ 4 ഹരിത കർമസേനാംഗങ്ങൾക്ക് യുഎൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം. ഇന്നു രാവിലെ ന്യൂഡൽഹി ലോധി റോഡിലുള്ള ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവർ ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ചു. കർമരംഗത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാനും വിജയഗാഥകൾ പറയാനും ഇവർക്ക് അവസരം ലഭിക്കും. തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു സേനാംഗവും ഇവർക്കൊപ്പമുണ്ട്.
അനു സുനിൽ (കാന്തല്ലൂർ), രേഖ സോണി (മറയൂർ), പി.എസ്. ലയമോൾ, സിമി ബേസിൽ (മാങ്കുളം) എന്നിവരാണ് ഇടുക്കിയിൽ നിന്നുള്ള ഹരിത കർമസേനാംഗങ്ങൾ. തൃശൂർ അതിരപ്പിള്ളിയിൽ നിന്നുള്ള ഗിരിജ രവിയും യുഎൻഡിപി ക്ലസ്റ്റർ കോഓർഡിനേറ്റർ കാർത്തികയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പാഴ്വസ്തു ശേഖരണ സംസ്കരണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലഭിച്ച അംഗീകാരമാണ് ഹരിതകർമ സേനാംഗങ്ങളുടെ സമ്മേളനത്തിലെ പ്രാതിനിധ്യമെന്നു നവകേരളം കർമപദ്ധതി കോഓർഡിനേറ്ററും ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സനുമായ ഡോ. ടി.എൻ. സീമ പറഞ്ഞു.