15 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടിച്ചു
കുമളി : 15 ലക്ഷംരൂപ വിലവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ പുതുപ്പറമ്പിൽ ജലാലുദ്ദീൻ (54), റഫീക്ക് ഹൗസിൽ അബ്ദുൽ റസാഖ് (42) എന്നിവർ പിടിയിലായി.
റോസാപ്പൂക്കണ്ടത്ത് ജലാലുദ്ദീന്റെ കടയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളി സി.ഐ. ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കടയിൽനിന്ന് 64 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. ഇയാളെ ചോദ്യംചെയ്തതോടെയാണ് അബ്ദുൽ റസാഖാണ് ഇത് എത്തിച്ചുകൊടുക്കുന്നതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വലിയകണ്ടത്ത് ഒരു ഷെഡ്ഡിൽ വൈയ്ക്കോലിനിടയിൽ ഒളിപ്പിച്ചിരുന്ന 14,534 പായ്ക്കറ്റുകൾ കണ്ടെടുത്തു.
തമിഴ്‌നാട്ടിൽനിന്ന് ചോളം, വൈയ്ക്കോൽ തുടങ്ങിയവയുടെ ഇടയിൽ ഒളിപ്പിച്ചാണ് ഇവ അതിർത്തി കടത്തിയിരുന്നത്. പിടികൂടിയ പുകയില ഉത്‌പന്നങ്ങൾക്ക് 15 ലക്ഷം രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഐ.മാരായ സലിംരാജ്, ബിജു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് പരിശോധന നടത്തിയത്.
തമിഴ്നാട് അതിർത്തിയോടുചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം വ്യാപകമാണെന്ന പരാതി ഉയരുന്നതിനിടെയാണ് ഇപ്പോൾ വലിയ അളവിലുള്ള നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയിരിക്കുന്നത്. അതിർത്തിയിൽ കഞ്ചാവ് കേസുകൾ പിടിക്കാൻ പരിശോധനകൾ ശക്തമാണെങ്കിലും നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകമായി വിൽക്കുന്ന ചെറിയ പെട്ടിക്കടകൾ സജീവമാണെങ്കിലും ഉദ്യോഗസ്ഥർ കണ്ണടക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്.
വ്യാഴാഴ്ച പിടികൂടിയ ഈ കേസിൽനിന്ന് ഒട്ടേറെ ചെറുകിട-വൻകിട കച്ചവടക്കാരെക്കുറിച്ച് കൃത്യമായ വിവരം പോലിസിന് ലഭിച്ചതായിട്ടാണ് വിവരം. വരുംദിവസങ്ങളിൽ കുമളി മേഖലകളിൽ വ്യാപക പരിശോധന നടത്താനാണ് പോലീസ് നീക്കം.രണ്ടുപേർ അറസ്റ്റിൽ