മുതിരപ്പുഴപുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാറില്‍ തുടക്കം
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുതിരപ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുതിരപ്പുഴയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മുതിരപ്പുഴ നമ്മുടേത്, എല്ലാവരും പുഴയിലേക്ക് എന്ന സന്ദേശവുമായി സമഗ്ര പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പുഴയിലേക്കുള്ള മാലിന്യ നിക്ഷേപം തടയുക, മാലിന്യ മുക്തമായ പുഴയുടെ ഒഴുക്ക് വീണ്ടെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. മൂന്നാറിലെ വിവിധ സന്നദ്ധസംഘടനകളുടെയും വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയുമൊക്കെ പങ്കാളിത്തതോടെ പദ്ധതി വിജയത്തിലെത്തിക്കുവാനാണ് പദ്ധതി. അഡ്വ. എ രാജ എംഎല്‍എ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയും എംഎല്‍എയും ആദ്യ ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പുഴയോരത്തേക്ക് വലിച്ചെറിയപ്പെട്ടിരുന്ന ചില്ലുകുപ്പികളടക്കമുള്ള മാലിന്യം എല്ലാവരും ചേര്‍ന്ന് ശേഖരിച്ചു.
മൂന്നാര്‍ ഹെഡ് പോസ്റ്റോഫീസിന് സമീപത്തു നിന്നായിരുന്നു ശുചീകരണ ജോലികള്‍ക്ക് തുടക്കം കുറിച്ചത്. വരും വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെയിസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ നിര്‍മ്മിക്കുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയില്‍ ഉണ്ട്. കൂടാതെ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.