ബാങ്കുകളുടെ ജപ്‌തി നടപടി ; കർഷകർ പ്രതിസന്ധിയിൽ
തൊടുപുഴ : മൊറട്ടോറിയം കാലാവധി കഴിഞ്ഞയുടൻ സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകൾ ജപ്തി നടപടി തുടങ്ങി. 2 വർഷത്തെ പ്രളയത്തിന്റെയും തുടർന്നു വന്ന കോവിഡിന്റെയും പശ്ചാത്തലത്തിൽ എല്ലാ കാർഷിക വായ്പകൾക്കും ഡിസംബർ 31 വരെ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
കാലാവധി കഴിഞ്ഞ ശേഷം വായ്പകൾ തിരിച്ചടയ്ക്കാത്ത കർഷകർക്ക് എതിരെയാണ് ബാങ്കുകൾ നടപടി തുടങ്ങിയത്. ജില്ലയിൽ ആകെ പതിനായിരത്തോളം കർഷകർക്ക് ബാങ്കുകളുടെ ജപ്തി നോട്ടിസുകൾ ലഭിച്ചതായി കർഷക സംഘടനാ ഭാരവാഹികൾ അറിയിച്ചു.
വായ്പകൾക്ക് പലിശയും കൂട്ടുപലിശയും അടക്കം 4 ഇരട്ടിയോളം തിരിച്ചടയ്ക്കാനാണു നോട്ടിസുകൾ. ദേശസാൽകൃത ബാങ്കുകളും പുതുതലമുറ ബാങ്കുകളും സഹകരണ ബാങ്കുകളും ഒരുപോലെയാണ് റിക്കവറി നടപടി സ്വീകരിക്കുന്നത്. വായ്പകളുടെ തിരിച്ചടവിൽ തുടർച്ചയായി 3 ഗഡുക്കളോ അതിലധികമോ വീഴ്ച വന്നാൽ ഈടായി നൽകിയ വസ്തു ബാങ്കിന് പിടിച്ചെടുക്കാൻ അധികാരം നൽകുന്നതാണു സർഫാസി നിയമം. സർഫാസി നിയമപ്രകാരം കൃഷിഭൂമി ജപ്തി ചെയ്യാൻ ഇപ്പോൾ വ്യവസ്ഥ ഇല്ലാത്തതിനാൽ വീടും അനുബന്ധ സ്ഥലവും ജപ്തി ചെയ്യുകയാണ് റവന്യു റിക്കവറി നടപടി.