“ഓപ്പറേഷൻ സൈലൻസ്”: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പിടികൂടി;5000 രൂപ പിഴ
പീരുമേട് : ‘ഓപ്പറേഷൻ സൈലൻസി’ന്റെ ഭാഗമായി മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ രൂപമാറ്റം വരുത്തിയ രണ്ട് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. 5000 രൂപവീതം പിഴയീടാക്കി.
അതീവസുരക്ഷാ പ്രാധാന്യമുള്ള നമ്പർപ്ലേറ്റ് മടക്കിവെച്ച്്, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയും രൂപമാറ്റം വരുത്തി നിരത്തിലിറക്കുകയും ചെയ്ത വാഹനങ്ങളാണ് പിടികൂടിയത്. ഇരുചക്രവാഹനങ്ങളെ കർശനമായി നിരീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃതമായി സൈലൻസറിൽ മാറ്റംവരുത്തി അമിതശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ പിടികൂടാനാണ് ഓപ്പറേഷൻ സൈലൻസ് എന്നപേരിൽ പരിശോധന ശക്തമാക്കിയത്. ഇതിനുപുറമേ ഹാൻഡിൽ ബാറിൽ മാറ്റങ്ങൾ വരുത്തുക, വാഹനത്തിന് രൂപമാറ്റം വരുത്തുക, ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക തുടങ്ങിയവയ്ക്കും നടപടിയുണ്ടാകും. മോട്ടോർവാഹനവകുപ്പ് ഇൻസ്പെക്ടർമാരായ സി.ഡി.അരുൺ, മോഹൻദാസ് ദാസ്, കെ.കെ.എൽദോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.