പഞ്ചായത്ത് ഉദ്യോഗസ്ഥരോടു സർക്കാർ പറയുന്നു; വാർത്തകൾ ശ്രദ്ധിക്കൂ…അടിയന്തര നടപടി വേണം
മാധ്യമവാർത്തകൾ ശ്രദ്ധിക്കണമെന്നു പഞ്ചായത്തുകൾക്കു സർക്കാർ നിർദേശം. പഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ ഒട്ടേറെ വാർത്തകൾ നിത്യേന പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഇവയിൽ ഭൂരിഭാഗവും അടിയന്തര ശ്രദ്ധയും നടപടിയും വേണ്ടതാണെന്നുമാണു പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. പലപ്പോഴും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഇത്തരം വാർത്തകൾ ശ്രദ്ധിക്കാതെയിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതായും സർക്കാരിൽ നിന്നും പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും ശ്രദ്ധയിൽപെടുത്തി റിപ്പോർട്ട് ആവശ്യപ്പെടുന്ന കാര്യത്തിൽ പോലും വീഴ്ചയും അനാവശ്യമായ കാലതാമസവും വരുത്തുന്നതായ സർക്കുലർ കുറ്റപ്പെടുത്തുന്നു.
ഈ സാഹചര്യത്തിൽ, പഞ്ചായത്തുകൾ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ, പെർഫോമൻസ് ഓഡിറ്റ് ഓഫിസുകൾ എന്നിവയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ ശ്രദ്ധിക്കാനാണു നിർദേശം. ഈ വാർത്തകൾ സംബന്ധിച്ചു പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു സർക്കുലറിലെ മാർഗനിർദേശങ്ങൾ ഇങ്ങനെ:
∙സർക്കാരിൽ നിന്നും പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും ഇത്തരത്തിൽ മാധ്യമ വാർത്തകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ 7 ദിവസത്തിനകം നൽകുന്നുവെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർ വ്യക്തിപരമായി ഉറപ്പുവരുത്തണം.
∙പഞ്ചായത്തുകളുടെയോ ഘടകസ്ഥാപനങ്ങളുടെയോ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ പൊതുജനങ്ങൾക്കു സേവനം നൽകുന്ന കാര്യങ്ങളിലോ എന്തെങ്കിലും വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ വസ്തുത പഞ്ചായത്ത് സെക്രട്ടറിമാർ പരിശോധിക്കണം. നടപടി ആവശ്യമാണെങ്കിൽ 2 ദിവസത്തിനകം അതു ചെയ്യണം.
∙എല്ലാ പഞ്ചായത്തുകളിലും പ്രാദേശികമായി പ്രചാരത്തിലുള്ള എല്ലാ അച്ചടി, ദൃശ്യമാധ്യമങ്ങളിലെയും പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതിന് ലൈബ്രറിയന്മാർക്കും ലൈബ്രറിയന്മാരുടെ തസ്തിക നിലവിൽ ഇല്ലാത്ത പഞ്ചായത്തുകളിൽ സീനിയർ ക്ലാർക്ക് അല്ലെങ്കിൽ ക്ലാർക്കുമാർക്കും ചുമതല നൽകി ഓഫിസ് ഉത്തരവ് പുറപ്പെടുവിക്കണം. പഞ്ചായത്തു പ്രദേശത്തു സ്ഥിരതാമസമുള്ള ക്ലാർക്കുമാർക്കു ചുമതല നൽകുന്നതാണ് അഭികാമ്യം.
∙ഇത്തരത്തിൽ ചുമതല ലഭിക്കുന്ന ലൈബ്രറിയന്മാരും ക്ലാർക്കുമാരും വാർത്തകൾ നിരീക്ഷിച്ച് അതിന്റെ കട്ടിങ് അല്ലെങ്കിൽ ക്ലിപ്പിങ് സഹിതം സെക്രട്ടറിയെ അറിയിക്കണം.
∙ഇത്തരത്തിൽ ലഭിക്കുകയോ ശ്രദ്ധയിൽപെടുകയോ ചെയ്യുന്ന വാർത്തകളുടെ ഗൗരവം കണക്കിലെടുത്ത വസ്തുതകൾ നേരിട്ടോ അല്ലാതെയോ അന്വേഷിച്ച് അടിയന്തരമായി ആവശ്യമായ നടപടികൾ സെക്രട്ടറി സ്വീകരിക്കണം.
∙പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ ഉടൻ പഞ്ചായത്ത് പ്രസിഡന്റിനെയോ സ്റ്റിയറിങ് കമ്മിറ്റിയെയോ അറിയിച്ചു നടപടിയെടുക്കണം.
∙പൊലീസ്, എക്സൈസ്, റവന്യു അധികൃതരുടെ ശ്രദ്ധയിൽപെടുത്തേണ്ട കാര്യങ്ങൾ രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കണം.
∙പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർ തങ്ങളുടെ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തുകളെ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ അന്നു തന്നെ രേഖാമൂലം ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെ അറിയിച്ച് തുടർനടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം.
∙ഇത്തരത്തിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടർ ഓഫിസിലെ ഒരു ജീവനക്കാരനു ചുമതല നൽകണം. വാർത്തകളിൽ തുടർനടപടി സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ വിവരം പഞ്ചായത്ത് ഡയറക്ടറുടെ ഓഫിസിലേക്ക് അറിയിക്കുന്നതിനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഒരു സീനിയർ ഉദ്യോഗസ്ഥനു ചുമതല നൽകണമെന്നും സർക്കുലറിൽ നിർദേശിച്ചു.
English Summary: Circular of Panchayat director to Panchayat Officers