ജില്ലയിൽ വാഹനാപകടങ്ങളും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ വാഹന പരിശോധന ഉൾപ്പെടെ നടപടികൾ കർശനമാക്കി…
തൊടുപുഴ : വർധിച്ചുവരുന്ന റോഡപകടങ്ങൾക്കു തടയിടാൻ മോട്ടർവാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കിയപ്പോൾ, ഒരാഴ്ചയ്ക്കിടെ ജില്ലയിൽ റജിസ്റ്റർ ചെയ്തത് 831 കേസുകൾ. വിവിധ കേസുകളിലായി ആകെ 15,55,750 രൂപ പിഴ ചുമത്തി. ജില്ലയിൽ വാഹനാപകടങ്ങളും മരണനിരക്കും വർധിച്ച സാഹചര്യത്തിലാണ് വാഹന പരിശോധന ഉൾപ്പെടെ നടപടികൾ കർശനമാക്കിയത്.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചത്, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചത്, പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത്, ഹെൽമറ്റ് സ്ട്രാപ് ശരിയായ വിധം ധരിക്കാത്തത്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത്, റജിസ്ട്രേഷൻ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കാത്തത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള വിവിധ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
3 മണിക്കൂർ കൊണ്ട് 518 കേസുകളാണ് തൊടുപുഴയിൽ റജിസ്റ്റർ ചെയ്തത്. 5 ലക്ഷത്തോളം രൂപ പിഴ ചുമത്തി. ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച, നെടുങ്കണ്ടം ടൗണിൽ നടത്തിയ വാഹനപരിശോധനയിൽ 188 കേസുകളിൽ നിന്നായി 2.75 ലക്ഷം രൂപ പിഴ ഈടാക്കി. ഇതിൽ 125 കേസുകൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 18 കേസുകളും റജിസ്റ്റർ ചെയ്തു. അതിർത്തി മേഖലയായ മറയൂരിൽ നടത്തിയ പരിശോധനയിൽ 32 കേസുകളെടുത്തു.
ഓഫ് റോഡ് ജീപ്പ് സവാരി എന്ന പേരിൽ സഞ്ചാരികളുടെ ജീവൻ പണയം വച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ജനുവരിയിൽ മാത്രം ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 10 പേരാണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി ആർടിഒ ആർ. രമണൻ പറഞ്ഞു. ഇടുക്കിയെ അപകടരഹിത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.