10, 11, 12 ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കും: മന്ത്രി
തിരുവനന്തപുരം∙ 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിലവിൽ ഉച്ചവരെയാണ് ക്ലാസ്. പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ ക്ലാസുകൾ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഫൈനൽ പരീക്ഷയായതിനാൽ പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ നടത്തേണ്ട മാർഗരേഖ ഉടൻ പുറത്തിറക്കും.
ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകൾക്കു പുറമേ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. 9–ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസിന്റെ സമയക്രമം അടുത്തയാഴ്ച തീരുമാനിക്കും.
English Summary: Kerala school working time extended to evening