പൊതുപരീക്ഷ: 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ നാളെ തിരികെ സ്കൂളിലേക്ക്
തിരുവനനന്തപുരം∙ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്നു. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകള്‍ നല്‍കുക, മോഡല്‍ പരീക്ഷയ്ക്ക് കുട്ടികളെ തയാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടു വരെയായി ക്രമീകരിക്കുന്നത്.
ഫെബ്രുവരി 14 മുതലാണ് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 7 മുതൽ 12 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗരേഖ തിങ്കളാഴ്ച പുറത്തിറക്കും. ക്ലാസുകളുടെ ക്രമീകരണം, പരീക്ഷ, ഒാണ്‍ലൈന്‍ പഠനം എന്നിവ എത്രയും മെച്ചമായി നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാവും സ്കൂളുകളുടെ പ്രവര്‍ത്തനം എന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.