പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ജില്ലയിലെ പദ്ധതി നിര്‍വ്വഹണം പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ നടത്തിപ്പില്‍ പിന്നാക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൃത്യമായ ഇടപെടലിലൂടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തീകരിക്കണം. ജില്ലയില്‍ ഏറ്റവും മികച്ച വികസന രേഖ തയ്യാറാക്കുന്ന പഞ്ചായത്തിന് പുരസ്‌കാരം നല്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുതലത്തില്‍ ഫണ്ട് വിനിയോഗത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള വട്ടവട ഗ്രാമ പഞ്ചായത്തിനെയും ബ്ലോക്ക് തലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെയും ജില്ലാ കളക്ടറും ആസൂത്രണ സമിതി യോഗവും അഭിനന്ദിച്ചു. ജില്ലയിലെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതി പുരോഗതി ആസൂത്രണ സമിതി വിലയിരുത്തി.
ജില്ലാ പഞ്ചായത്ത്, തൊടുപുഴ നഗരസഭ, അഴുത, ദേവികുളം, ഇളംദേശം, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകള്‍, 29 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്കി. ജില്ലയില്‍ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച ജില്ലാ കളക്ടറെ ആസൂത്രണ സമിതി യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ.സാബു വര്‍ഗീസ്, ഗവ. നോമിനി കെ.ജയ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.