ചോദ്യങ്ങളോട് പ്രതികരിച്ച് വാവ സുരേഷ്; ഹൃദയമിടിപ്പ് സാധാരണ നിലയിൽ
കോട്ടയം∙ മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കിൽ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടർ പറഞ്ഞു. വെന്റിലേറ്ററിൽ ആയതുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തതെന്നും ഡോക്ടർ വാവ സുരേഷിനോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ 6 വിദഗ്ധ ഡോക്ടർമാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
കുറിച്ചി പാട്ടാശ്ശേരിയിൽ തിങ്കളാഴ്ച മൂർഖനെ പിടികൂടാൻ എത്തിയപ്പോഴാണ് വാവ സുരേഷിന് കടിയേറ്റത്. കരിനാട്ടുകവലയിലെ വീട്ടിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോധം മറഞ്ഞു. തുടർന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മന്ത്രി വി.എൻ.വാസവൻ ആശുപത്രിയിൽ എത്തി. വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.