കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വിവിധ മേഖലകൾ:
കോവിഡ് മൂന്നാംതരംഗത്തിനിടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ബജറ്റിനെ സ്വാധീനിച്ചേക്കും. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, എംഎസ്എംഇ, ഇലക്ട്രോണിക് വാഹനമേഖല എന്നിവയ്ക്ക് കാര്യമായ പരിഗണന ലഭിക്കും.
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8നും 8.5 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ബജറ്റില്‍ നടപടി പ്രതീക്ഷിക്കുന്നു. കിസാന്‍ സമ്മാന്‍ നിധി തുക കൂട്ടിയേക്കും. രാസവള സബ്സിഡി ഉയര്‍ത്താനിടയുണ്ട്. വിള വൈവിധ്യവല്‍ക്കരണം, കയറ്റുമതി എന്നിവയ്ക്ക് സഹായമുണ്ടാകും. ഗ്രാമങ്ങളിലെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ പ്രഖ്യാപനമുണ്ടായേക്കും. വര്‍ക്ക് ഫ്രം ഹോമിന് സൗകര്യങ്ങള്‍ ഒരുക്കിയേക്കും. കോവിഡ് പ്രതിരോധത്തിനും വാക്സീനും പണം നീക്കിവയ്ക്കും.
സെക്ഷന്‍ 80ഡി ഇളവുകള്‍ 1,50,000 രൂപയിലേയ്ക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് നികുതിയേര്‍പ്പെടുത്തിയേക്കും. ഭവന വായ്പകള്‍ക്ക് ഇളവ് പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനിടയുണ്ട്. കോവിഡ് ആഘോതമേല്‍പ്പിച്ച വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകള്‍ അതിജീവന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. എംഎസ്എംഇ, നൈപുണ്യവികസനം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയ്ക്ക് കാര്യമായ പരിഗണന ബജറ്റില്‍ ലഭിക്കും. പരുത്തിയുടെ ഇറക്കുമതി തീരുവ കുറച്ചേക്കും. പെട്രോളിന്‍റെ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടാന്‍ നടപടികളുണ്ടായേക്കും. ഇടത്തരം വരുമാനക്കാരും ശമ്പള വരുമാനക്കാരും നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയുണ്ടാകുമോയെന്നും ഉറ്റുനോക്കുകയാണ്.