കുരുമുളക് ചെടികൾ വ്യാപകമായി ഉണങ്ങിക്കരിയുന്നു;കരിഞ്ഞ ചെടികൾ നശിപ്പിച്ചു കളയണം?
അടിമാലി∙ മാങ്കുളം പഞ്ചായത്തിൽ കുരുമുളക് ചെടികൾ വ്യാപകമായി ഉണങ്ങിക്കരിയുന്നു. മാങ്കുളം, വാരിഞ്ഞപാറ, താളുംകണ്ടം മേഖലകളിലാണു കൃഷിനാശം കൂടുതലായി കണ്ടുവരുന്നത്. വർഷങ്ങളായി നല്ല വിളവ് ലഭിക്കുന്ന ചെടികളാണിത്. താളുംകണ്ടം പനച്ചിനാനി പി.ജെ. സെബാസ്റ്റ്യൻ, മുല്ലൂർ റോയി, വിരിഞ്ഞ പാറ പതിയിൽ പി.ജെ. തോമസ്, കൊല്ലംപറമ്പിൽ ടോമി എന്നിവരുടെ കൃഷിയിടത്തിൽ ഒട്ടേറെ കുരുമുളക് ചെടികൾ ഉണങ്ങിയിട്ടുണ്ട്.
നല്ല മഴയ്ക്കു ശേഷം വരുന്ന കടുത്ത ചൂടിൽ പലതരം കുമിളുകളുടെ സംയുക്തമായ പ്രവർത്തനമാണ് കുരുമുളക് ചെടി കരിഞ്ഞുണങ്ങാൻ കാരണമെന്ന് മാങ്കുളം കൃഷി ഓഫിസർ ഗ്രീഷ്മ വി. മാത്യു പറഞ്ഞു. മഴയ്ക്ക് മുൻപായി ബോർഡോ മിശ്രിതം, കോപ്പർ ഓക്സി ക്ലോറൈഡ് എന്നിവ സ്പ്രേ ചെയ്താൽ രോഗം തടയാനാകും. കരിഞ്ഞ ചെടികൾ നശിപ്പിച്ചു കളയണം.ഇതോടൊപ്പം രോഗലക്ഷണം കണ്ടു തുടങ്ങിയ ചെടികളിൽ കോപ്പർ അടങ്ങിയ കുമിൾ നാശിനി തളിക്കുന്നതും നല്ലതാണ്.