ലൈഫ് പദ്ധതിയിൽ നിയമ പ്രശ്നങ്ങൾ, അകലെ സ്വപ്ന വീട്
ലൈഫ് പദ്ധതിയിൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് റവന്യു വകുപ്പ് കടന്നെങ്കിലും നിയമ പ്രശ്നങ്ങൾ മൂലം നൂറു കണക്കിന് അപേക്ഷകളിൽ തീർപ്പുണ്ടാകാത്തത് വീടില്ലാത്ത സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സിഎച്ച്ആർ മേഖലയിൽ സ്ഥിര താമസമാക്കിയവരും സ്ഥലം വാങ്ങിയവരുമാണ് ഉൗരാക്കുടുക്കിലായത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും റവന്യു വകുപ്പ് നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഏലം കൃഷിക്ക് അനുവദിച്ച ഭൂമിയെന്ന് രേഖപ്പെടുത്തുന്നതിനാൽ പഞ്ചായത്തിൽ നിന്നു കെട്ടിട നിർമാണ അനുമതി ലഭിക്കുന്നില്ല.
ഇതു മൂലം അനുവദിച്ച ഫണ്ട് പാഴായി പോകുന്ന സ്ഥിതിയാണ്. ഭൂപതിവ് ചട്ടം സംസ്ഥാനത്താകെ ബാധകമാക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ പാലിക്കാത്തതിനെ തുടർന്ന് ഹർജിക്കാർ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോയിരുന്നു. കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കാൻ കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമി ഏത് ആവശ്യത്തിനാണ് പതിച്ചു നൽകിയിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് റവന്യു വകുപ്പ്‍ ഉത്തരവ് ഇറക്കി.
ഇതിനു മുൻപ് വരെ സിഎച്ച്ആറിൽ ഉൾപ്പെടെ ലൈഫ് പദ്ധതി പ്രകാരം വീട് നിർമാണത്തിന് അനുമതി ലഭിച്ചിരുന്നു. ഏറ്റവുമധികം സിഎച്ച്ആർ ഭൂമിയുള്ള ഉടുമ്പൻചോല താലൂക്കിൽ മാത്രം ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ച പകുതിയോളം അപേക്ഷകർക്ക് വീട് നിർമിക്കാനാവാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ അനുവദിച്ച ഫണ്ട് പാഴായി പോകും.
തോട്ടം മേഖലയിലും ലൈഫ് പദ്ധതിയിൽ ആശങ്ക
തോട്ടം മേഖലയിൽ പട്ടയമില്ലാത്ത ഭൂമിയിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങളും ലൈഫ് പദ്ധതിയിൽ നിന്ന് പിന്തള്ളപ്പെടുന്നു. ഇവർ താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കുറഞ്ഞത് 17 വർഷമെങ്കിലും ഇൗ ഭൂമിയിൽ താമസിച്ചവരാകണം എന്ന നിബന്ധനയാണു തൊഴിലാളി കുടുംബങ്ങൾക്ക് തിരിച്ചടിയായത്.
തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നാണ് റവന്യു വകുപ്പ് വില്ലേജ് ഓഫിസർമാർക്ക് നൽകിയിട്ടുള്ള നിർദേശം. എന്നാൽ സ്വന്തമായി അഞ്ചോ, പത്തോ സെന്റ് ഭൂമിയുണ്ടെങ്കിലും വീടില്ലാത്തതിനാൽ എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഇൗ മാനദണ്ഡം ഇരട്ടി പ്രഹരമായി. ചില റവന്യു ഉദ്യോഗസ്ഥർ ഇക്കാരണം കൊണ്ടു തന്നെ തൊഴിലാളികൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ തയാറാകുന്നില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാത്ത സ്ഥിതിയാണ് ഒട്ടേറെ തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക്.
എൻഒസി, പുതിയ ഉത്തരവിലെ അവ്യക്തത നീങ്ങുന്നില്ല
നിർമാണ നിരോധനം നിലവിലുള്ള 8 വില്ലേജുകളിൽ വീട് നിർമാണത്തിന് എൻഒസി ലഭിക്കണമെങ്കിൽ അപേക്ഷകനും ആശ്രിതർക്കും മറ്റൊരു സ്ഥലത്തും വീട് ഉണ്ടാകരുതെന്ന നിബന്ധന കോടതി ഇടപെടലിനെ തുടർന്ന് റവന്യു വകുപ്പ് റദ്ദ് ചെയ്തിരുന്നു. ഇൗ മാനദണ്ഡം ഒഴിവാക്കി കഴിഞ്ഞ ഒന്നിനു ജില്ലാ കലക്ടറുടെ പുതിയ സർക്കുലറും ഇറങ്ങി. എന്നാൽ, എൻഒസിക്കുള്ള അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ അംഗീകൃത പദ്ധതി രേഖ (അപ്രൂവ്ഡ് പ്ലാൻ) സമർപ്പിക്കണമെന്ന സർക്കുലറിലെ നിർദേശത്തിലുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല.
എൽഎസ്ജിഡി എൻജിനീയറാണ് പ്ലാൻ അംഗീകരിച്ച് സാക്ഷ്യപ്പെടുത്തുന്നത്. റവന്യു വകുപ്പ് എൻഒസി നൽകിയതിനു ശേഷമാണ് തദ്ദേശ ഭരണ സ്ഥാപനത്തിലെ എൻജിനീയർ പ്ലാൻ സാക്ഷ്യപ്പെടുത്തുന്നത്. ഇൗ സാഹചര്യത്തിൽ എൻഒസി അപേക്ഷയോടൊപ്പം അപ്രൂവ്ഡ് പ്ലാൻ നൽകുന്നതെങ്ങനെയെന്നാണ് അപേക്ഷകരുടെ ചോദ്യം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് താലൂക്ക് ഓഫിസിൽ നിന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതു മൂലം ഇൗ വില്ലേജുകളിൽ ഒട്ടേറെ അപേക്ഷകൾ അനിശ്ചിതത്വത്തിലാണ്.