ഇടുക്കിയിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ല ‘സി’വിഭാഗത്തിലേക്കു മാറിയതോടെ സിനിമ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ( ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. ജില്ലയിൽ പൊതുപരിപാടികൾക്കു അനുമതിയില്ല. മതപരമായ പ്രാർഥനകളും ആരാധനകളും ഓൺലൈനായി നടത്താം. വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കു 20 പേർ മാത്രം.
∙ വീട്ടിലിരുന്നും ഡോക്ടറെ കാണാം
വീട്ടിലിരുന്ന് ഫോണിൽ ഡോക്ടറുടെ സഹായം തേടാം, ഇ–സഞ്ജീവനി ആപ്പിലൂടെ. പ്ലേസ്റ്റോറിൽ ആപ് ലഭ്യമാണ്. വിഡിയോ കോളിൽ ഡോക്ടറോടു സംസാരിക്കാം. വിവരങ്ങൾ ചോദിച്ചറിഞ്ഞു ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ ഡോസ് അടക്കം കോൾ അവസാനിക്കുമ്പോൾ സ്ക്രീനിലെത്തും. ഈ സേവനം ലഭ്യമാകാൻ ഫോൺ നമ്പർ ഉപയോഗിച്ചു പേരും വയസ്സും മേൽവിലാസവും നൽകി റജിസ്റ്റർ ചെയ്താൽ മതി. റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ ലഭിക്കും. നമ്മുടെ ഊഴമാകുമ്പോൾ ഫോൺ റിങ് ചെയ്യും.
അപ്പോഴാണു ഡോക്ടറോടു സംസാരിക്കാനാകുക. ജനറൽ വിഭാഗത്തിനു പുറമേ, കോവിഡ് ഒപി, സ്പെഷ്യൽറ്റി ഡോക്ടർമാർ എന്നിവരുടെ സേവനവും ലഭ്യമാണ്. ജനറൽ ഒപി സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ലഭ്യമാണ്. കോവിഡ് ഒപി 24 മണിക്കൂറും ലഭ്യമാണ്. സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം നിശ്ചിത ദിവസങ്ങളിലാണു ലഭ്യമാകുന്നത്.
ഇതിന്റെ വിശദ വിവരങ്ങൾ പേഷ്യന്റ് റജിസ്ട്രേഷൻ വിൻഡോയിൽ ടൈമിങ്സ് എന്നതിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കും. ഓരോ തവണയും റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ നമ്പർ കിട്ടും. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഏതു വിഭാഗത്തിലെ ഡോക്ടറെയാണ് കാണുന്നത് എന്നു നൽകേണ്ടത്. ഡോക്ടർ മരുന്ന് കുറിച്ച ശേഷം കോൾ കട്ടാക്കുന്നതോടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
അതിനു ശേഷം ലോഗൗട്ട് ചെയ്ത് വീണ്ടും അതേ ടോക്കൺ ഉപയോഗിച്ചു ലോഗിൻ ചെയ്യാൻ കഴിയില്ല. എന്നാൽ, ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കെ കോൾ കട്ടാകുകയും മരുന്നു വിവരം ലഭിക്കാതിരിക്കുകയും ചെയ്താലും വിഷമിക്കേണ്ടതില്ല, അതേ ടോക്കൺ നമ്പർ ഉപയോഗിച്ചു വീണ്ടും ആപ്പിൽ കയറി ഡോക്ടറെ കാണാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരാണ് വെർച്വലായി പരിശോധന നടത്തി മരുന്ന് കുറിക്കുന്നത്. ഓരോ ദിവസവും ഡോക്ടർമാരുടെ ഡ്യൂട്ടി മാറി വരും.
∙1986 പേർക്കു കൂടി കോവിഡ്
ജില്ലയിൽ ഇന്നലെ 1986 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 616 പേർ കോവിഡ് മുക്തരായി. ബുധൻ ജില്ലയിൽ 2203 പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 3 ദിവസത്തിനിടെ 6641 പേരാണ് ജില്ലയിൽ കോവിഡ് പോസിറ്റീവായത്.
ജില്ലാ അടിസ്ഥാനത്തിലുള്ള പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആർ) ഏതാനും ദിവസമായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നില്ല. ജില്ലകളിലെ രൂക്ഷമായ സ്ഥിതി മറച്ചുവയ്ക്കാനാണ് ടിപിആർ നൽകാത്തതെന്നു ആരോപണമുണ്ട്.