നെൽക്കൃഷി വിടാതെ അഞ്ചംഗ കൂട്ടായ്മ

കട്ടപ്പന∙ സർക്കാരിന്റെ ഭാഗത്തു നിന്നു സഹായം ലഭിച്ചില്ലെങ്കിലും നെൽക്കൃഷി വിടാതെ അഞ്ചംഗ കൂട്ടായ്മ. നരിയമ്പാറ തൊവരയാറിലെ രണ്ടേക്കർ കൃഷിയിടത്തിലാണ് ഇവർ പൊന്നുവിളയിച്ചത്. കുടിയേറ്റ കാലത്ത് 250 ഏക്കറിൽ നെൽക്കൃഷി നടന്നിരുന്ന തൊവരയാർ മേഖലയിൽ ഇന്നും കൃഷി നിലനിൽക്കുന്ന സ്ഥലമാണ്. നരിയമ്പാറ മാടപ്പള്ളിൽ എം.ബി.രവീന്ദ്രൻ നായർ, സഹോദരൻ എം.ബി.ഉണ്ണി, ഇവരുടെ സുഹൃത്തുക്കളായ നിർമലസിറ്റി പുതുപ്പറമ്പിൽ ഗിരീഷ്കുമാർ, കമ്പംമെട്ട് പൂവത്താനിക്കുന്നേൽ ബിജു തോമസ്,
പാറത്തോട് പണ്ടാരനിലത്ത് പി.എൻ.ഷിജു എന്നിവർ ചേർന്നാണു വർഷങ്ങളായി തൊവരയാറിൽ നെൽക്കൃഷി നടത്തുന്നത്. രവീന്ദ്രന്റെയും ഉണ്ണിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്തിനു പുറമേ സമീപത്തെ ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. മുൻപ് 22 ക്വിന്റൽ നെല്ല് വരെ ഇവർക്ക് ലഭിച്ചിരുന്നു. മുൻവർഷങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നടക്കം തൊഴിലാളികളെ എത്തിച്ചാണു കൃഷിയിറക്കിയിരുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഈ 5 കുടുംബങ്ങളിൽ നിന്നുള്ളവരും സുഹൃത്തുക്കളുമെല്ലാം ചേർന്നാണു കഴിഞ്ഞ വർഷം മുതൽ ജോലികൾ ചെയ്യുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നു സഹായവും ലഭിക്കാതായതോടെ ഇവരുടെ ബുദ്ധിമുട്ട് വർധിച്ചിരിക്കുകയാണ്. സർക്കാർ സബ്സിഡി നൽകുകയും കൊയ്ത്തു യന്ത്രം അടക്കമുള്ളവ ലഭ്യമാക്കുകയും ചെയ്ത് കൂടുതൽ കർഷകരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.