വീട് കുത്തിത്തുറന്ന്മോഷണം: 2 പ്രതികൾ കൂടി പിടിയിൽ

മൂലമറ്റം ∙ ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ. രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ് (45) മൂന്നാം പ്രതി കരിമണ്ണൂർ പഴുക്കരഭാഗം ചെമ്മലകുടി ജോമോൻ (37) എന്നിവരെയാണ് കുളമാവ് പൊലീസ് പിടികൂടിയത്. ഡിസംബർ 15 ന് ഗുരുതിക്കളം പുളിക്കൽ ഫിലിപ്പോസിന്റെ വീട് കുത്തിപ്പൊളിച്ചാണ് മോഷണം. ഒന്നാം പ്രതി പെരുമ്പിള്ളിച്ചിറ പുതിയകുന്നേൽ സെറ്റപ്പ് സുധീർ എന്നു വിളിക്കുന്ന സുധീറിനെ (38) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
അന്ന് തൊണ്ടിമുതലുകളും മോഷണ മുതൽ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടും മൂന്നും പ്രതികളെ ചൊവ്വാഴ്ച വൈകുന്നേരം തൊടുപുഴയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ മോഷണം നടത്തിയ വീട്ടിലും മോഷണ മുതൽ വിറ്റ തൊടുപുഴ, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിലെ കടകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. 3 വർഷം മുൻപ് മരിച്ച പുളിക്കൽ ഫിലിപ്പോസിന്റെ വീട് മരണശേഷം പൂട്ടിയിട്ടിരിക്കുകയാണ്. പറമ്പ് തെളിക്കാൻ എത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.
തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി വീട് തുറന്ന് പരിശോധിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ കിടക്കയുടെ അടിയിൽ നിന്ന് താക്കോൽ എടുത്ത് അലമാരകളും മറ്റ് മുറികളും തുറന്നു പരിശോധിച്ചു. തുണികളും രേഖകളും വലിച്ച് നിരത്തിയിട്ടു. 2 വലിയ ചെമ്പുപാത്രങ്ങൾ, കുക്കറുകൾ, അലുമിനിയ പാത്രങ്ങൾ, കുട്ടികൾക്ക് കിട്ടിയ ട്രോഫികൾ, നിലവിളക്കുകൾ പശുവിനെ കറക്കുന്ന യന്ത്രം, മറ്റു പാത്രങ്ങൾ, പൈപ്പിന്റെ ടാപ്പുകൾ തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിച്ചത്.
വണ്ടിയുമായി നടന്ന് ആക്രിസാധനങ്ങൾ പെറുക്കുന്ന മൂന്നംഗ സംഘമാണു മോഷണം നടത്തിയതെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. കുളമാവ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദേശപ്രകാരം എസ്.ഐ. സലിം എഎസ്‌ഐമാരായ ബിജു, ഷംസുദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.