വിദ്യ തേടാൻ കാടും മലയും താണ്ടി, ഹൈറേഞ്ചിലെ ആദ്യ കോളജിന്റെ കഥ

കട്ടപ്പന ∙ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് മലമുകളിലെ കോളജിൽ എത്തി പഠിക്കുക. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. എന്നാൽ, 1970കളിൽ ഹൈറേഞ്ചിൽ ഉണ്ടായിരുന്ന ഏക കോളജിൽ പഠിക്കാൻ വിദ്യാർഥികൾ എത്തിയിരുന്നത് ഈ രീതിയിലാണ്. കട്ടപ്പനയിൽ നിന്ന് 8 കിലോമീറ്റർ അകലെ നരിയമ്പാറയിലെ മലമുകളിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഈ കോളജ് പ്രവർത്തിച്ചിരുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് 1967ൽ മലമുകളിൽ കോളജ് ആരംഭിച്ചത്.1955ൽ നരിയമ്പാറയിൽ എൽപി സ്കൂൾ ആരംഭിച്ച കെ.ഭാസ്ക്കരക്കുറുപ്പ് എന്ന ഭാസി സാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് നരിയമ്പാറയിൽ ദേവസ്വം ബോർഡ് കോളജ് ആരംഭിക്കാൻ വഴിയൊരുക്കിയത്. ഈ സ്കൂൾ 1957ൽ യുപി സ്കൂളും 1965ൽ ഹൈസ്കൂളുമായി. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹൈറേഞ്ചിൽ കോളജ് ആരംഭിക്കാൻ തീരുമാനമെടുത്തത്.
ദേവസ്വം ബോർഡിനു കീഴിൽ ആരംഭിച്ച 4 കോളജുകളിൽ ഒന്നാണ് നരിയമ്പാറയിലും ആരംഭിച്ചത്.തലയോലപ്പറമ്പ്, പരുമല, ശാസ്താംകോട്ട എന്നിവിടങ്ങളിലായിരുന്നു മറ്റു കോളജുകൾ. ശബരിഗിരി ദേവസ്വം ബോർഡ് കോളജ് എന്നാണ് നരിയമ്പാറയിലെ കോളജ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 3 ബാച്ചുകളാണ് ഉണ്ടായിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ അടങ്ങുന്നതായിരുന്നു ആദ്യ ഗ്രൂപ്പ്. ഫിസിക്‌സും കെമിസ്ട്രിയും ബോട്ടണിയും സുവോളജിയും അടങ്ങുന്നതായിരുന്നു രണ്ടാം ഗ്രൂപ്പ്. ആർട്‌സ് ആയിരുന്നു മൂന്നാം ഗ്രൂപ്പ്. ഹൈറേഞ്ചിലെ ഭൂരിഭാഗം മേഖലകളിൽ ഉള്ളവരും ഇവിടെ പഠിക്കാനായി എത്തിയിരുന്നു.അടിമാലി, നെടുങ്കണ്ടം, ഏലപ്പാറ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ എത്തി. ഏറെദൂരം സഞ്ചരിച്ച് എത്താൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നവർ വാടക വീടുകളിലും ബന്ധുവീടുകളിലും മറ്റും താമസിച്ചു. ചപ്പാത്ത് അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കാൽനടയായി സഞ്ചരിച്ചെത്തി പഠിച്ചവരുമുണ്ട്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കോളജിന്റെ നിലനിൽപിനു ഭീഷണിയാകാൻ അധികം താമസമുണ്ടായില്ല. മലകയറി കോളജിൽ എത്താനുള്ള ബുദ്ധിമുട്ട് കുട്ടികളും അധ്യാപകരും ഉയർത്തിക്കാട്ടാൻ തുടങ്ങി.തുടർന്ന് അതൊരു സമരത്തിലേക്ക് നീങ്ങി. ഒടുവിൽ 1978 കാലഘട്ടത്തിൽ മലമുകളിലെ കോളജ് നിർത്തുകയും പിന്നീട് കട്ടപ്പന കേന്ദ്രമായി ഗവൺമെന്റ് കോളജ് ആരംഭിക്കുകയുമായിരുന്നു.
വർഷങ്ങൾക്കിപ്പുറവും കോളജിന്റെ അവശേഷിപ്പുകൾ മലമുകളിൽ ഉണ്ട്. കോളജിന്റെ മേൽക്കൂര പൂർണമായി ഇല്ലാതായെങ്കിലും കൽഭിത്തിയും ബോർഡും ഇടനാഴികളുമെല്ലാം ഇന്നും നിലനിൽക്കുന്നു. ഇവ പൂർണമായി കാടുകയറിയ നിലയിലാണ്. സദാസമയവും തണുത്ത കാറ്റു വീശുന്ന ഇവിടെ നിന്നാൽ ഇടുക്കി ജലാശയത്തിന്റെയും കട്ടപ്പന ടൗണിന്റെയും വിദൂര കാഴ്ചകൾ ആസ്വദിക്കാനാകും.