‘സോളാറിലെ വിവാദ പരാമർശം’: വി.എസ് 10.10 ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വിധി;ഉത്തരവിനെതിരെ അപ്പീലിന് പോകുമെന്ന് വിഎസിന്‍റെ അഭിഭാഷകന്‍
തിരുവനന്തപുകം: സോളാര്‍ കേസുമായി (Solar Case) ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിഎസ് അച്യുതാനന്ദനെതിരെ (VS Achuthanandan) നല്‍കിയ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് (Oomman Chandy) അനുകൂല വിധി. 10.10 ലക്ഷം രൂപ വിഎസ് നഷ്ടപരിഹാരമായി നല്‍കണം. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജ് ഷിബു ഡാനിയലാണ് വിധി പ്രസ്താവിച്ചത്.
2013 ലാണ് കേസിനാസ്പദമായ വിവാദ പരാമർശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി.എസ് ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.
ഈ പരാമർശത്തിൽ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി. അതേസമയം, ഉത്തരവിനെതിരെ അപ്പീലിന് പോകുമെന്ന് വിഎസിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.