ഇടമലക്കുടി കൃഷിഭവനിൽ കൃഷി അസിസ്റ്റൻറ് തസ്തിക അനുവദിക്കണം: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ


ദേവികുളം ബ്ലോക്കിന് കീഴിൽ വിസ്തൃതമായ വനത്താൽ ചുറ്റിക്കിടക്കുന്നതും,ഹെക്ടർ കണക്കിന് കുരുമുളകും, ഏലവുമടക്കം നിരവധി കാർഷിക വിളകളാൽ സമ്പന്നമായതുമായതും കേരളത്തിലെ ഏക ഗോത്രവർഗ്ഗ പ്രദേശമായ ഇടമലക്കുടി പഞ്ചായത്ത് കൃഷിഭവനിൽ പുതുതായി ഒരു കൃഷി അസിസ്റ്റൻ്റ് തസ്തിക അനുവദിക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് രൂപീകരണം മുതൽ ഒരു കൃഷി ഓഫീസറുടേയും, ഒരു കൃഷി അസിസ്റ്റൻ്റിൻ്റേയും തസ്തിക മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ കൃഷിഭവനുകളിലും രണ്ടും മൂന്നും കൃഷി അസിസ്റ്റൻ്റുമാരുള്ളപ്പോഴാണ് ഇവിടെ മാത്രം ഒരു കൃഷി അസിസ്റ്റൻ്റ് തസ്തികയുമായി കൃഷിഭവൻ പ്രവർത്തനം മുന്നോട്ട് പോകുന്നത്. പതിനാല് വാർഡുകളിലായി ഇരുപത്തിനാല് ആദിവാസി സെൻ്റിൽമെൻ്റ് കോളനികൾ ഈ പഞ്ചായത്തിലുണ്ട്. ഓരോ കോളനികളും തമ്മിൽ നാലും അഞ്ചും കിലോമീറ്ററുകൾ വീതം ദൂരമുണ്ട്. വാഹനങ്ങൾക്ക് പോകാൻ പറ്റാത്തതിനാൽ കൃഷിസ്ഥലങ്ങളിൽ കാൽനടയായി സഞ്ചരിച്ചാണ് കൃഷി ഉദ്യോഗസ്ഥർ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി എത്തുന്നത്. കൃഷി വകുപ്പിൻ്റെ ഫാർമേഴ്സ് രജിസ്ട്രിയടക്കം നിരവധിയായ വകുപ്പ് തല പദ്ധതികളും, ഗ്രാമ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതികളും കർഷകരിൽ വേഗത്തിലും സുതാര്യതയോടും എത്തിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കൃഷിഭവൻ പ്രവർത്തനങ്ങൾ പലപ്പോഴും പ്രതിസന്ധിയിലാണ്. പ്രകൃതിക്ഷോഭവും, നിരന്തരമായ വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള കൃഷി നാശവും ഇവിടെ പതിവാണ്. ഇടമലക്കുടി പഞ്ചായത്തിന് സ്വന്തമായി ഓഫീസ് കെട്ടിടം അനുവദിച്ച് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ദേവികുളം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിൽ താൽക്കാലികമായി പ്രവർത്തിച്ചുവരുന്ന ഇടമലക്കുടി കൃഷിഭവന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനും, കൃഷിഭവൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു കൃഷിഅസിസ്റ്റൻറ് തസ്തിക കൂടി അനുവദിക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ.എ.ബുഷറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എസ് സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ, പ്രസിഡൻ്റ് കെ.എസ് രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ് ശ്രീകുമാർ, എൻ.എസ് ഇബ്രാഹിം, കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.ജിൻസ്, സംസ്ഥാന കമ്മിറ്റിയംഗം എം.ആർ രതീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.റ്റി.വിനോദ്, ജോൺസൺ കുരുവിള ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽന ദിലീപ്, കെ. സന്തോഷ്,സി.എസ് രജനി, വി.സി മനോജ് , തുമ്പി വിശ്വനാഥൻ, സി.എസ് ദയ, എൻ ഉമേഷ്, അമ്പിളി.കെ.ആർ എന്നിവർ സംസാരിച്ചു. ഇടമലക്കുടിയിലെ വിഷയങ്ങളും സാഹചര്യങ്ങളും കൃത്യമായി ചൂണ്ടിക്കാണിച്ച് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.അനിഷ് കുമാറിൻ്റെ നേത്യത്വത്തിൽ കൃഷി മന്ത്രിക്ക് നിവേദനം നൽകി.