തേക്കടി ടൂറിസം വികസനത്തിന് വരുന്നു, പ്രത്യേക പദ്ധതി
കുമളി ∙ തേക്കടി ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയാറാകുന്നു. പ്രാരംഭ നടപടിയായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രഥമ യോഗം ഓൺലൈനായി നടത്തി. യോഗത്തിൽ ഉന്നയിക്കപ്പെട്ട നിർദേശങ്ങൾ പരിശോധിച്ച് നടപ്പാക്കാവുന്ന കാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. 3 മാസങ്ങൾക്ക് ശേഷം അടുത്ത യോഗം ചേരും.
യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ :ഇടുക്കി ജില്ലയിലെയും, തമിഴ്നാട്ടിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം ഹബ്ബായി തേക്കടിയെ മാറ്റണമെന്ന നിർദേശമാണ് പ്രധാനമായി ഉയർന്നത്. തേക്കടിയിൽ നിന്ന് ഗവി, വാഗമൺ, ഇടുക്കി, അഞ്ചുരുളി, രാമക്കൽമേട്, തമിഴ്നാട്ടിലെ മേഘമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രത്യേക വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തണം.തേക്കടി ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നമായ അനധികൃത ഗൈഡുകളെ നിയന്ത്രിക്കുകയും ജീപ്പ് സവാരിക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കുകയും വേണം. ഇതിനായി ടൂറിസം വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ ആരംഭിക്കണം. തേക്കടി തടാകത്തിലെ ബോട്ടിങ് സമയം ഒരു മണിക്കൂർ എന്നത് 2 മണിക്കൂറാക്കി വർധിപ്പിക്കണം. സഞ്ചാരികൾക്ക് പെരിയാറിനെക്കുറിച്ച് വിവരിച്ചു കൊടുക്കാൻ ഭാഷാപ്രാവീണ്യമുള്ള ഗൈഡുകളെ ബോട്ടിൽ നിയോഗിക്കണം.
തേക്കടിയുടെ സമീപത്തുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കി അത്തരം സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഒട്ടകത്തലമേട്ടിൽ നിന്ന് സ്പ്രിങ് വാലി കുരിശുമലയിലേക്ക് റോപ് വേ സംവിധാനം ഒരുക്കണം, കുട്ടികൾക്കായി ഒരു പാർക്ക്, മംഗളാദേവിയിലേക്ക് ഓഫ് റോഡ് ജീപ്പ് സവാരി തുടങ്ങിയവയാണ് പ്രധാനമായും ഉയർന്ന മറ്റ് നിർദേശങ്ങൾ.ടൂറിസം ഡയറക്ടർ, ഉദ്യോഗസ്ഥർ, പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ, തേക്കടി ടൂറിസം കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, ടൂറിസ്റ്റ് ഗൈഡ് പ്രതിനിധി, ഹോം സ്റ്റേ അസോസിയേഷൻ പ്രതിനിധി, കേരള ട്രാവൽ മാർട്ട് പ്രതിനിധി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.