കോവിഡ് വ്യാപനം രൂക്ഷമായിട്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ല
ചെറുതോണി ∙ കോവിഡ് വ്യാപനം രൂക്ഷമായിട്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഇനിയും ഒരുങ്ങിയിട്ടില്ല. ആശുപത്രിയിൽ കോവിഡ് വിഭാഗത്തിനായി മാറ്റിവച്ച 17 ഐസിയു കിടക്കകളിലും 23 ഓക്സിജൻ കിടക്കകളിലും രോഗികൾ നിറഞ്ഞതോടെ കൂടുതൽ കിടക്കകൾ ഒരുക്കിയാണ് ആശുപത്രി അധികൃതർ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത്. ഇതിനോടകം ഇത്തരത്തിൽ 20 കിടക്കകൾ ക്രമീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇനി ഒരു രോഗിയെ പോലും പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമാണ്. മെഡിക്കൽ കോളജിൽ എത്തുന്ന ഗുരുതരമല്ലാത്ത രോഗികളെ ഇപ്പോൾ കട്ടപ്പനയിലെ സിഎഫ്എൽടിസിയിലേക്കാണ് പറഞ്ഞയയ്ക്കുന്നത്. എന്നാൽ 52 കിടക്കകളുള്ള അവിടെയും രോഗികൾ നിറഞ്ഞു കഴിഞ്ഞു. അടിമാലിയിലും കുമളിയിലും ഇടുക്കിയിലും പുതിയ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും ആരംഭിക്കാൻ നിർദേശമുണ്ടെങ്കിലും അടിസ്ഥാന സൗകര്യം ഒരുങ്ങിയിട്ടില്ല. മാത്രമല്ല ആവശ്യത്തിനു ജീവനക്കാർ ഒരിടത്തുമില്ല.
ഈ സാഹചര്യത്തിൽ ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്കായി നിശ്ചിത കിടക്കകൾ എങ്കിലും മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാർ അടക്കം പല ജീവനക്കാരും കോവിഡ് പോസിറ്റീവ് ആയതിനാൽ ഐസിയുവിൽ പോലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം തരംഗത്തിനു ശേഷം പിരിച്ചുവിട്ട കോവിഡ് ബ്രിഗേഡിനെ തിരികെവിളിക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ഇതുവരെ നടപടിയായില്ല.
ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം രൂക്ഷം
തൊടുപുഴ ∙ ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഈ മാസം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 62 ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. പല ആശുപത്രികളുടെയും പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. കോവിഡ് ബ്രിഗേഡിലെ പിരിച്ചുവിട്ട ജീവനക്കാർക്കു പകരം നിയമനമില്ലാത്തതും പോസിറ്റീവാകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതും ചികിത്സയെ ബാധിക്കുന്നു.
കോവിഡ് ബ്രിഗേഡ് വഴി നിയമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഒന്നും രണ്ടും തരംഗം അതിജീവിച്ചത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമാകുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാൻ നടപടിയെടുത്തില്ല. ഇതു മറ്റു ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയാണ്. കോവിഡ് ബാധിതരാകുന്നവർക്കു പകരം ചുമതലയേൽക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്.
കോവിഡ് ബാധിതരാകുന്ന സഹപ്രവർത്തകരുടെ ചുമതല കൂടി എറ്റെടുത്താണ് ആരോഗ്യ പ്രവർത്തകർ ജില്ലയെ പരിപാലിക്കുന്നത്. കോവിഡ് അതിതീവ്ര വ്യാപനത്തിൽ ആരോഗ്യ പ്രവർത്തകർക്കു കൈത്താങ്ങ് അനിവാര്യമാണ്. അടിയന്തരമായി ജീവനക്കാരെ നിയമിച്ച് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ സങ്കീർണമാകാൻ സാധ്യതയുണ്ട്.