കോട്ടയം മെഡി. കോളജിൽ 30 ഡോക്ടർമാർക്ക് കോവിഡ്; നിയന്ത്രണം, ശസ്ത്രക്രിയകൾ മാറ്റി
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക. വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്കുണ്ട്. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാർഡിൽ അനുവദിക്കും.
ഡോക്ടറുടെ രേഖാമൂലമുള്ള നിർദേശം ഉണ്ടെങ്കിലേ വാർഡിൽ രോഗിക്കൊപ്പം 2 കൂട്ടിരിപ്പുകാരെ അനുവദിക്കൂ. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകൾ നിർത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാർഡുകൾ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പറഞ്ഞു.
അത്യാഹിത വിഭാഗത്തിനു മുകളിലെ 2 നിലകളിൽ പൂർണമായും കോവിഡ് ബാധിതരെ കിടത്തും. 9–ാം വാർഡ് ഏറ്റെടുക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കു മാത്രമേ കിടത്തി ചികിത്സ നൽകൂ. നൂറിലേറെ വെന്റിലേറ്ററുകളും ഓക്സിജൻ സൗകര്യമുള്ള കിടക്കകളും ആശുപത്രിയിലുണ്ട്.