കൈയ്യൊഴിഞ്ഞില്ല, കൈപിടിച്ചു : സ്വകാര്യ ആശുപത്രിയിൽ സന്ധ്യക്ക് സുഖപ്രസവം, കാവലായി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ…
ചിറ്റൂർ : ‘ഇവിടെ പറ്റില്ല, മറ്റെവിടേക്കെങ്കിലും കൊണ്ടുപോകൂ’, എളുപ്പമുള്ള ഈ വാചകം പറയാൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആർ.ശ്രീജയ്ക്കും അനസ്തെറ്റിസ്റ്റ് ഡോ. ജയമിനിക്കും തോന്നിയില്ല. അവരും ആ ഗർഭിണിയുടെ കൂടെ അടുത്ത ആശുപത്രി തേടിയിറങ്ങി; ആദ്യം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നു സ്വകാര്യ ആശുപത്രിയിലെ ലേബർ റൂമിലേക്കും. അവിടെയും ഉപേക്ഷിച്ചു പോരാതെ സുഖപ്രസവത്തിനു കാവലിരുന്നു.
വണ്ടിത്താവളം പുറയോരം സി.ശിവന്റെ ഭാര്യ സന്ധ്യ (27) രണ്ടാമത്തെ പ്രസവത്തിനായി ജനുവരി 10നു രാവിലെയാണു താലൂക്ക് ആശുപത്രിയിൽ എത്തിയത്. രാത്രി രക്തസമ്മർദം താഴ്ന്നു ഗുരുതരാവസ്ഥയിലായി. താലൂക്ക് ആശുപത്രിയിൽ നവീകരണം നടക്കുന്നതിനാൽ സൗകര്യക്കുറവുണ്ടായിരുന്നു. പെട്ടെന്നു വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടതിനാൽ എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലൻസിൽ സന്ധ്യയ്ക്കും ഭർത്താവിനും അമ്മയ്ക്കുമൊപ്പം ഡോക്ടർമാരും നഴ്സുമാരായ എ.അനീഷയും ആർ.രഞ്ജുഷയും കയറി. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നില്ല.
തുടർന്ന് ശിവന്റെ ആവശ്യപ്രകാരം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴും ഡോക്ടർമാരും നഴ്സുമാരും അവർക്കൊപ്പമുണ്ടായിരുന്നു. ജില്ലാ വനിതാ ശിശു ആശുപത്രിയിലെ ഹൗസ് സർജൻ മുഹമ്മദ് അസ്‌ലമും ഒപ്പം കയറി. സ്വകാര്യ ആശുപത്രിയിലെത്തി രക്തസമ്മർദം സാധാരണ നിലയിലാക്കി. രാത്രി 12.20നു സ്വകാര്യ ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ സുഖപ്രസവം, പെൺകുഞ്ഞ്.ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നു സന്ധ്യയും ശിവനും പറയുന്നു. കടമയെന്നു പറയാമെങ്കിലും എല്ലാവരും ആ മനസ്സു കാണിക്കണമെന്നില്ല എഎന്നും ശിവൻ പറയുന്നു..