ഇരട്ടയാർ പഞ്ചായത്ത് ജൂബിലി നിറവിൽ…
1950 കളിൽ ഹൈറേഞ്ചിലെ പ്രമുഖ കുടിയേറ്റ കേന്ദ്രം ഉപ്പുകണ്ടം. നാട്ടുരാജാക്കൻമാർ വാണിരുന്ന ഒരു സിറ്റി.വലിയ തോവാളയും കൊച്ചു തോവാളയും നത്തുകല്ലും തെളിഞ്ഞിരുന്നു. പക്ഷേ വടക്ക് ചില്ലി കൊമ്പനും പാത്തിക്കാലനും അടക്കി വാഴുന്ന ആദിമ വന ഭീകരതയാണ്. 50 കളുടെ അവസാനത്തിൽ കൂപ്പ് ഇറങ്ങി.പിന്നാലെ കുടിയേറ്റവും ആരംഭിക്കുന്നു.
ഇരട്ടയാർ അന്ന് കുമ്പുളൂം കവലയാണ്. എട്ട് പത്ത് ഏരുമകളുമായി
അറയ്ക്കൽ തൊമ്മച്ചൻ താമസം തുടങ്ങി. അങ്ങനെ അറയ്ക്കൽ കവലയായി. അന്ന് രാജപ്പൻ്റെ ഒരു ചായക്കട മാത്രം. 61 ലെ അയ്യപ്പൻ കോവിൽ കുടിയിറക്കയവർ ചിലർ ഇരട്ടയാറിൽ കുടിയേറി.
പിന്നിട് പതിപ്പള്ളി കട, മുതുപ്പാക്കൽ കട, പാലക്കട ,കോട്ടയം കട…
എത്രത്രെ കടകൾ വന്നു പോയി.
അറയ്ക്കൽ തൊമ്മച്ചന്നും ഏരുമേലി വക്കച്ചനും സ്ഥലം കൊടുത്തതോടെ ഒരു കത്തോലിക്ക പള്ളി ഇരട്ടയാറിൽ വന്നു. 1963ൽ പള്ളി വക എൽ .പി സ്ക്കൂൾ ആരംഭിച്ചു.അന്ന് കട്ടപ്പനയാണ് പഞ്ചായത്ത്. മെമ്പർ ജോസഫ് കാവിൽ പുരയിടം. ഇന്നത്തെ സ്റ്റാൻഡിരിക്കുന്നടത്ത് പേണ്ടാനംകാർ നൽകിയ സ്ഥലത്ത് ഒരു ചന്ത തുടങ്ങി.
പഞ്ചായത്ത് ഓഫിസിരിക്കുന്ന സ്ഥലത്ത് മൂന്ന് ഭീമാകരമായ ഇലവുകൾ ഒരുമിച്ച് നിന്നിരുന്നു. മൂന്നിലവ് കവല, തുളസിപാറ വഴിയിലെ ചേലക്കൽ കവലയും
സ്ക്കൂളിന് താഴെയുള്ള ചപ്പാത്തും മൂന്നു മുക്കിനുള്ള വഴിയിൽ ആറ്റു തീരത്തെ നാടാ കുടിയും ചേർന്നതോടെ
ഇരട്ടയാർ ഒരു പട്ടണമായി വളർന്നു.
1966 ലെ മഴക്കാലത്ത് ആറ്റിൽ വീണ് ഒരു ബാലൻ മുങ്ങി മരിച്ചു.
ഒറ്റത്തടി പാലത്തിൽ കൂടി പോകുന്ന കുട്ടികളെ ഓർത്ത് നാട് ആശങ്കയിലായി.നാട്ടുകാർ ഒരു ഇല്ലി ചപ്പാത്ത് പണിതു. പിന്നീട് ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് പാലം പണിതു.ചപ്പാത്ത് ഒരു കവലയായി വളർന്നു.
ഇരട്ടയാറിനെ ജനവാസ യോഗ്യമാക്കിയ ഒരു ഗ്രാമം ആക്കിയത് ഫാദർ മാത്യു മഞ്ചേരിയുടെ ദീർഘവീക്ഷണമാണ്. പോസ്റ്റോഫീസ്, സഹകരണ ബാങ്ക്, പഞ്ചായത്ത്, യു പി സ്കൂൾ തുടങ്ങി കറൻ്റ് എത്തിക്കുന്നതിൽ വരെ ആ കരങ്ങളുണ്ട്.
1965 ൽ തന്നെ KSEB ഇരട്ടയാർ ഡാമിൻ്റെ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നു. 1979 ഡാം പണി ആരംഭിച്ചതോടെ ഇരട്ടയാർ ഒരു കുടിയിറക്ക് നടന്നു. 1989 ൽ ഡാം പണി പൂർത്തിയായി. അതോടെ ചപ്പാത്ത് വെള്ളം കയറി നശിച്ചു.
1980 കളിൽ ഇരട്ടയാർ -കട്ടപ്പന റോഡ് ടാർ ചെയ്തു. KSRTC ബസിൻ്റെ ഉദ്ഘാടനത്തിന് മന്ത്രി നമ്പാടൻ വന്നു.
1971 ൽ ഇരട്ടയാർ പഞ്ചായത്തായി. ഇന്ന് 14 വാർഡുകൾ ഉണ്ട്. പ്രസിഡൻ്റ് ജിൻസൻ വർക്കിയാണ്.
2021 ൽ സുവർണ ജുബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി നിർമിച്ച കെട്ടിടം ഇന്ന് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിനും എം.എം.മണി MLA ഡീൻ കുര്യാക്കോസ് MP … തുടങ്ങിയവർ പങ്കെടുക്കും.