ധീരജ് വധം; കാസർകോട് ഒളിവിൽ കഴിയുകയായിരുന്ന ഒരാൾകൂടി അറസ്റ്റിൽ
ചെറുതോണി ∙ ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. നാലാം പ്രതി കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കമ്പിളിക്കണ്ടം നന്നിക്കുന്നേൽ നിധിൻ ലൂക്കോസിനെ(24) ആണ് ഇന്നലെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനു ശേഷം കാസർകോട് ഒളിവിൽ കഴിയുകയായിരുന്ന നിധിൻ ഇന്നലെ ഹൈക്കോടതി അഭിഭാഷകനൊപ്പം ഇടുക്കി പൊലീസിൽ കീഴടങ്ങാൻ എത്തിയപ്പോൾ മുരിക്കാശേരി പടമുഖത്തു നിന്നാണ് പിടിയിലായത്. ഇതോടെ പ്രതിപ്പട്ടികയിൽ ഒന്നു മുതൽ 5 വരെയുള്ളവർ ഉൾപ്പെടെ 6 പേരാണ് ഇതുവരെ പിടിയിലായത്.
പ്രധാന പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇതിനു പുറമേ നിധിൻ ലൂക്കോസിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെസിൻ ജോയിയും റിമാൻഡിലാണ്.
ആറാം പ്രതിയും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയിമോൻ സണ്ണിയാണ് ഇനി പിടിയിലാകാനുള്ളത്. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവർക്കൊപ്പം നിധിൻ ലൂക്കോസിനെ ഇന്നു ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.