ചികിത്സ തടഞ്ഞ് മന്ത്രവും പ്രാർഥനയും; അനാചാരമെങ്കിൽ ജാമ്യമില്ലാ അറസ്റ്റ്..
അനാചാരവും മന്ത്രവാദവും നടത്തിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കരട് ബിൽ തയാറാക്കി സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. ബിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. മെഡിക്കൽ ചികിത്സ തടഞ്ഞു പകരമായി മന്ത്രവും തന്ത്രവും പ്രാർഥനയും മറ്റും നൽകി അസുഖം ഭേദമാക്കാനുള്ള ശ്രമങ്ങൾ കുറ്റകരമാക്കണമെന്നു സംസ്ഥാന കമ്മിഷൻ തയാറാക്കിയ മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനുള്ള കരട് ബില്ലിൽ നിർദേശിച്ചു. കവിൾ തുളച്ച് ശൂലവും കമ്പിയും കുത്തുക, ‘കുട്ടിച്ചാത്തന്റെ’ പേരിൽ വീടിനു നേരെ കല്ലേറും ഭക്ഷണവും വെള്ളവും മലിനമാക്കുക എന്നിവയും കരടു ബിൽ പ്രകാരം കുറ്റകരമാണ്.
മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും വന്ധ്യത മാറ്റാനെന്ന പേരിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമവും കടുത്ത കുറ്റകൃത്യങ്ങളാണ്. അനാചാരങ്ങളുടെ ഭാഗമായി സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും ഗ്രാമത്തിൽ നിന്നു പുറത്താക്കുന്നതും ആർത്തവകാലത്തു മാറ്റിപാർപ്പിക്കുന്നതും കുറ്റകരമാകും. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, മന്ത്രവാദം വഴി പരിഹരിക്കാം എന്ന മട്ടിലുള്ള പരസ്യങ്ങൾ നിരോധിക്കാം. ദുർമന്ത്രവാദത്തിനും അനാചാരത്തിനും ഇരയാകുന്ന വ്യക്തിയുടെ സമ്മതം കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന പ്രധാന വ്യവസ്ഥയും ബില്ലിലുണ്ട്……. ബില്ലിന്റെ വിശദമാക്കിയിട്ടുള്ള മറ്റു കുറ്റകൃത്യങ്ങൾ: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ കെട്ടിയിടുക, വടി കൊണ്ടു തല്ലുക, തലമുടി പിടിച്ചു പറിക്കുക, ദേഹം പൊള്ളിക്കുക, നിധി തേടിയുള്ള ഉപദ്രവം, നഗ്നരാക്കി നടത്തിക്കുക, സഞ്ചാരം തടയുക, ഒരാളുടെ ദേഹത്ത് ശക്തി കുടിയേറിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചുള്ള പ്രവൃത്തികൾ, ഈ പേരിൽ ഭയപ്പെടുത്തലും ഭീഷണിയും, മൃഗങ്ങളെ ഉപദ്രവിച്ചും കൊന്നുമുള്ള മന്ത്രവാദം. സംഘം ചേർന്നോ സ്ഥാപനമായോ നടത്തുന്ന അനാചാരമാണെങ്കിൽ അതിലെ ഡയറക്ടർ, മാനേജർ, സെക്രട്ടറി, ഉദ്യോഗസ്ഥർ വരെയുള്ളവരെ കുറ്റക്കാരായി കണക്കാക്കും.ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ സ്ഥലം പരിശോധിച്ചു വസ്തുക്കൾ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്.
കുറ്റകൃത്യങ്ങൾക്ക് ഒരു വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണു കരടു ബിൽ. ഇതിനു പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും ലഭിക്കും.മന്ത്രവാദമോ ഇത്തരം അനാചാരമോ നടത്തിയ വ്യക്തി മരണമടഞ്ഞാൽ കൊലപാതക കുറ്റവും ചുമത്തണം. മന്ത്രവാദത്തിനും അനാചാരത്തിനും ശിക്ഷിക്കപ്പെടുന്നവരുടെ പേരും മേൽവിലാസവും ഉൾപ്പെടെ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പൊലീസ് വഴി കോടതി നടപടി സ്വീകരിക്കണമെന്നും ബിൽ നിർദേശിക്കുന്നു. ഇത്തരം പ്രവൃത്തികൾക്ക് ഇരയാകുന്ന വ്യക്തികൾക്കു ചികിത്സ നൽകാനും കൗൺസലിങ് നൽകാനും സർക്കാർ നടപടി സ്വീകരിക്കണം.
അനാചാരങ്ങൾക്കും മറ്റും എതിരെ സമൂഹത്തിൽ ബോധവൽക്കരണവും ആവശ്യമാണെന്നും ബിൽ പറയുന്നു.സംസ്ഥാനത്തു മന്ത്രവാദം, പ്രേതബാധ ഒഴിപ്പിക്കൽ എന്നിവയുടെ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളും ചൂഷണങ്ങളും സംഭവങ്ങളും വർധിച്ചുവരികയാണെന്നു കണ്ടാണു കമ്മിഷൻ ബിൽ തയാറാക്കിയത്. ഇത്തരം നീചപ്രവൃത്തികൾ തടയാൻ ശക്തമായ നിയമനിർമാണവും ബോധവൽക്കരണവും ആവശ്യമാണ്.എന്നാൽ മാത്രമേ, ആരോഗ്യകരവും സുരക്ഷിതവുമായ സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കപ്പെടുകയുള്ളുവെന്നു കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ വഴി ഒട്ടേറെ നിഷ്കളങ്കരായ വ്യക്തികൾ തട്ടിപ്പിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാകുന്നു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും സർക്കാരും ഇവ തടയാൻ ശ്രമം നടത്തിയിട്ടും തുടരുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.മതസ്ഥാപനങ്ങളിലെയും ആത്മീയ കേന്ദ്രങ്ങളിലെയും ആരാധന ബില്ലിന്റെ പരിധിയിൽ ഇല്ല. അതേസമയം, മതസ്ഥാപനങ്ങളിലോ ആത്മീയ കേന്ദ്രങ്ങളിലോ നടത്തുന്ന ആരാധന കരട് ബില്ലിന്റെ പരിധിയിൽ വരില്ലെന്നും സംശയങ്ങൾ ഇല്ലാതാക്കാനാണ് ഇതു വ്യക്തമാക്കുന്നതെന്നും കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്.