ഇറ്റലിയില്‍നിന്ന് വിമാനത്തില്‍ അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ്
അമൃത്‌സര്‍∙ ഇറ്റലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മിലാനിൽനിന്നെത്തിയ വിമാനത്തിൽ 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ചവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്നു വിമാനത്താവള അധികൃതർ വ്യക്തമാക്കി. അമൃത്‌സർ വിമാനത്താവളത്തിൽ വൻജനത്തിരക്കിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറ്റലിയിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ നെഗറ്റീവ് ആയിരുന്നവർ ഇവിടെയെത്തിയപ്പോൾ പോസിറ്റീവ് ആയതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്.
ഇതുവരെ രണ്ടു പേർക്കാണ് പഞ്ചാബിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുകയാണ്. വ്യാഴാഴ്ച, 90,928 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കാണ് ഇത്.