ഇടുക്കിയിൽ കോവിഡ് വാക്സീൻ നൽകേണ്ട കൗമാരക്കാർ 35000; കരുതൽ ഡോസ് നൽകേണ്ടതു 33,000 പേർക്ക്
ജില്ലയിൽ 15–18 പ്രായക്കാരിൽ കോവിഡ് വാക്സീൻ നൽകേണ്ടതു 35,000 പേർക്കെന്നു പ്രാഥമിക കണക്ക്. സ്കൂളുകളിൽ നിന്നുൾപ്പെടെ കുട്ടികളുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. രണ്ടു ദിവസത്തിനകം കൃത്യമായ കണക്ക് ലഭ്യമാകുമെന്നു ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. സുരേഷ് വർഗീസ് പറഞ്ഞു. ജനുവരി 3 മുതൽ ഈ പ്രായപരിധിയിലുള്ളവർക്ക് ആദ്യ ഡോസ് കോവിഡ് വാക്സീൻ നൽകാനാണു തീരുമാനം.
കുത്തിവയ്പിനുള്ള അന്തിമ രൂപരേഖ പുറത്തിറക്കിയിട്ടില്ല. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അല്ലെങ്കിൽ സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സീനാകും നൽകുക. നിലവിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ തന്നെ കുത്തിവയ്പു നടത്തുന്നതാണു സുരക്ഷിതവും സൗകര്യവുമെന്നാണ് വിലയിരുത്തൽ.
കരുതൽ ഡോസ് നൽകേണ്ടതു 33,000 പേർക്ക്
ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ‘കരുതൽ ഡോസ്’ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവർക്കു പുറമേ, 60 വയസ്സു കഴിഞ്ഞ മറ്റു ഗുരുതര രോഗമുള്ളവർക്കും കരുതൽ ഡോസ് നൽകാനാണു തീരുമാനം. ജില്ലയിൽ ഈ വിഭാഗങ്ങളിലായി ആകെ 33,000 പേർ വരുമെന്നാണു കണക്ക്.
വാക്സിനേഷൻ തുടരുന്നു
ജില്ലയിൽ 18 നു മുകളിലുള്ളവരുടെ വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. 18 വയസ്സിനു മുകളിലുള്ള 8,68,082 പേർക്കാണു വാക്സീൻ നൽകേണ്ടത്. 1300 പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കാനുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ 78 ശതമാനം പിന്നിട്ടു. രണ്ടാം ഡോസ് എടുക്കേണ്ടവർ യഥാസമയം വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ആദ്യ ഡോസ് വാക്സീൻ എടുത്തവരിൽ പലർക്കും പിന്നീട് കോവിഡ് ബാധിച്ചതിനെ തുടർന്നു നിശ്ചിത സമയത്ത് രണ്ടാം ഡോസ് സ്വീകരിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഇതാണ് രണ്ടാം ഡോസ് വാക്സിനേഷൻ ലക്ഷ്യത്തിലെത്താൻ താമസം നേരിടുന്നതിനു പ്രധാന കാരണം. നിലവിൽ 60 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്. ജില്ലയിൽ ഇന്നലെ രാവിലെ 1,03,860 ഡോസ് കോവിഷീൽഡും 7495 ഡോസ് കോവാക്സിനും സ്റ്റോക്കുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.
ഒമിക്രോൺ; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
രാജാക്കാട്∙ സ്വീഡനിൽ നിന്നു രാജാക്കാട് എത്തിയ തമിഴ്നാട് സ്വദേശിയായ ഡോക്ടറുടെ ഒമിക്രോൺ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നു വിവരം. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ ആർടിപിസിആർ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. പി.കെ.സുഷമ പറഞ്ഞു. ഇദ്ദേഹം സ്വീഡനിൽ നിന്ന് എത്തിയതിനാലാണ് ഒമിക്രോൺ സംശയിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ എത്തിയത്. തുടർന്ന് ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കാതെ രാജാക്കാട് എത്തി. രാജാക്കാട് ഇദ്ദേഹത്തിന് കൃഷിയിടമുണ്ട്. ആരോഗ്യ വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.