100 തൊഴിൽ ദിനങ്ങൾ ; ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന പദ്ധതിയുടെ ആദ്യഗഡു വിതരണം കട്ടപ്പനയിൽ നടന്നു. നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ചെയർപേഴ്സൺ ബീന ജോബി ഉദ്ഘാടനം ചെയ്തു.നഗരസഭയുടെ 2021 – 22 സാമ്പത്തികവർഷത്തിൽ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീരകർഷകർക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്.ക്ഷീരകർഷക മേഖലയിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഒട്ടനവധി പ്രതിസന്ധികൾ അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ് പദ്ധതി. വിതരണ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സിജു ചക്കുംമൂട്ടിൽ സ്വാഗതം പറഞ്ഞു. മറ്റ് കൗൺസിലർമാരായ രാജൻ കലാച്ചിറ,പ്രശാന്ത് രാജു , ഷാജി കൂത്തോടി, തങ്കച്ചൻ പുരയിടം, ബിനു കേശവൻ, ജെസ്സി ബെന്നി ,ബിന്ദുലതാ രാജു തുടങ്ങിയവർ പ്രസംഗിച്ചു.