കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗവുമില്ല, പദ്ധതികളുമില്ല. ജയിപ്പിച്ച് നഗരസഭയിലെത്തിച്ചത് ഇതിനോയെന്ന് നാട്ടുകാർ. യോഗം ചേർന്നില്ലെങ്കിൽ സമരമെന്ന് എൽ ഡി എഫ് അംഗങ്ങൾ
കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ പേരിൽ നിരന്തരമായി കൗൺസിൽ യോഗം മുടങ്ങുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് കൗൺസിലർമാർ രംഗത്ത്. ഉടനെ കൗൺസിൽ നടത്തണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ സെക്രട്ടറി എസ് .ജയകുമാറിന് കത്ത് നൽകി. നിസ്സാര കാര്യങ്ങളുടെ പേരിൽ യോഗങ്ങൾ മാറ്റി വയ്ക്കുന്നത് മൂലം സർക്കാരിൽ നിന്ന് വിവിധ പദ്ധതികൾക്കായി ലഭിക്കുന്ന ഫണ്ടുകൾ ഭരണകക്ഷി പാഴാക്കുകയാണ്.
വാർഷിക പദ്ധതികൾ പലതും ഇതുവരെ തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് എന്താണ് മറുപടി പറയുക, പ്രതിപക്ഷ അംഗങ്ങൾ ചോദിക്കുന്നു.
പേഴുംകവലയിൽ ആരംഭിക്കാനിരുന്ന ഷെൽട്ടർ ഹോമിന് അനുവദിച്ച തുക വിനിയോഗിക്കാത്തതിനാൽ സർക്കാർ തിരിച്ച് പിടിച്ചു കഴിഞ്ഞു,ശുചിത്വ മിഷൻ പദ്ധതിയും ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ബജറ്റിൽ തുക വകയിരുത്ത നാൽപതോളം പദ്ധതികൾ എങ്ങുമെത്തിയിട്ടില്ല എന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. അനധികൃത നിയമനം നടത്തി നിയമകുരുക്കിലായിരിക്കുന്ന ഭരണ സമിതി ജാള്യത മറയ്ക്കാനാണ് ഇപ്പോഴത്തെ സെക്രട്ടറി അധിക്ഷേപിച്ചുവെന്ന് വരുത്തി തീർക്കുന്നത്. വാർഡുകളിലെ റോഡ് നവീകരണം അടക്കമുള്ള പദ്ധതികൾ കാര്യക്ഷമമായി നടക്കാൻ കൗൺസിൽ യോഗം അടിയന്തിരമായി നടത്തണമെന്ന് ചെയർ പേഴ്സൺ ബീനാ ജോബിയോടും എൽ ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
കൗൺസിൽ യോഗം 22 നെന്ന് അധ്യക്ഷ
നഗരസഭയുടെ കൗൺസിൽ യോഗം 22 ന് നടത്തുമെന്ന് ചെയർ പേഴ്സൺ ബീനാ ജോബി അറിയിച്ചു.നാൽപ്പത് പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തികരിക്കാൻ കഴിയാത്തതിനാൽ ഭരണാനുമതിയ്ക്കായി ഈ ആഴ്ച്ച തന്നെ ഒരു അടിയന്തിര യോഗം വിളിച്ച് ചേർക്കുമെന്നും അധ്യക്ഷ വ്യക്തമാക്കി.