കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്ക്
പത്തനംതിട്ട∙ കേരളത്തിലെ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയഎറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിൽ പോസിറ്റീവായി.
ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിമാനത്തിൽ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ ഹൈറിസ്ക് വിഭാഗത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്. പോസിറ്റീവായ വ്യക്തിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവാണ്. ഇവരെയടക്കം ഐസലേഷനിൽ നിരീക്ഷണത്തിലാക്കി.
ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ 38 ആയി. ആന്ധ്രാപ്രദേശ് ചണ്ഡിഗഡ്, കർണാടക, മഹാരാഷ്ട്ര എന്നിവടങ്ങളിൽ ഞായറാഴ്ച ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 17 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
English Summary: Omicron Variant Detected in Kerala