ലിംഗ വിവേചനത്തിനെതിരെ വനിതകളുടെ രാത്രി നടത്തം
വനിതാ ശിശു വികസന വകുപ്പിൻ്റെയും, ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ഇരട്ടയാർ ടൗണിൽ രാത്രി നടത്തം സംഘടിപ്പിച്ചു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള ഓറഞ്ച് ദി വാൾ ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ 10 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ഇതിൻ്റെ ഭാഗമായിട്ടായിരുനു ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെയും ‘ വനിതാ ശിശു വികസന വകുപ്പിൻ്റെയും നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇരട്ടയാർ ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച രാത്രി നടത്തം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസൺ വർക്കി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച നടത്തം ടൗൺ ചുറ്റി സ്റ്റാൻ്റിൽ സമാപിച്ചു. തുടർന്ന് നാലാം വാർഡ് മെമ്പർ സിനി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷാ ഷാജി, കട്ടപ്പന അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ ജാനറ്റ് എം സേവ്യർ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ ലേഖ ആർ, റ്റിന ജോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വനിതാ ജനപ്രതിനിധികൾ, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങി 60 ഓളം ആളുകൾ രാത്രി നടത്തത്തിൽ പങ്കെടുത്തു.