വളർത്തുകിടാവും നായ്ക്കളും പേവിഷബാധയേറ്റു ചത്തു
ചെറുതോണി ∙ വാഴത്തോപ്പ് പഞ്ചായത്തിൽ വളർത്തുകിടാവും നായ്ക്കളും പേവിഷബാധയേറ്റു ചത്തു. വെള്ളക്കയം പാലക്കുഴിയിൽ സാബുവിന്റെ വളർത്തുകിടാവാണു ചത്തത്. രണ്ടു ദിവസം മുൻപു മുതൽ കിടാവ് പതിവില്ലാതെ ബഹളം വയ്ക്കുകയും ഓരിയിടുന്നതും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടറുടെ പരിശോധനയിൽ പേവിഷബാധയേറ്റതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ലക്ഷണം കണ്ടതിന്റെ പിറ്റേന്നു കിടാവ് ചാവുകയും ചെയ്തു.
രണ്ടു മാസം മുൻപ് ഇവരുടെ രണ്ട് ആടുകളും ചത്തിരുന്നു. ഇതിനു പേവിഷബാധയാണെന്ന സംശയത്തെത്തുടർന്നു വീട്ടിലെ അംഗങ്ങൾക്ക് കുത്തിവയ്പ് എടുത്തിരുന്നു. കിടാവു ചത്തതോടെ ബാക്കിയുള്ള മൃഗങ്ങൾക്കും കുത്തിവയ്പെടുത്തു. സമീപത്തുള്ള 2 വീടുകളിലെ വളർത്തുനായ്ക്കളും ചത്തു. ഈ വീട്ടുകാരും കുത്തിവയ്പ് എടുത്തുവരികയാണ്. ഒരാൾക്ക് നാലു കുത്തിവയ്പു വീതമാണ് എടുക്കുന്നത്. പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ കൂടുതലായി പെരുകിയിട്ടുണ്ട്.
6 മാസം മുൻപു കുറെ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം ഷെൽറ്റർ ഹോമിലേക്കു മാറ്റിയിരുന്നു. ഷെൽറ്റർ ഹോമിലടച്ച നായ്ക്കളെ വീണ്ടും തുറന്നു വിട്ടതായി നാട്ടുകാർ ആരോപിക്കുന്നു. ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പൻ, വാഴത്തോപ്പ്, ഇടുക്കി തുടങ്ങിയ ടൗണുകളിൽ ഒരേസമയം 100 കണക്കിനു തെരുവുനായ്ക്കൾ അലഞ്ഞു തിരിയുന്നുണ്ട്.
പൈനാവ് ചെറുതോണി മേഖലകളിലെ വനപ്രദേശങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായുണ്ട്. കഴിഞ്ഞയാഴ്ച ഇടുക്കി മെഡിക്കൽ കോളജിനു സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു മ്ലാവ് ചത്തിരുന്നു. കൂട്ടമായെത്തുന്ന തെരുവു നായ്ക്കൾ കോഴി, താറാവ്, മുയൽ, ആട്ടിൻകുട്ടികൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊന്നു ഭക്ഷിക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
കുട്ടികളെയും പലപ്പോഴും ആക്രമിക്കാറുണ്ട്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ കുട്ടികളെ സ്കൂളിൽ വിടുന്നതിനും ഭയപ്പെടുകയാണ്. തെരുവുനായ്ക്കൾ മാലിന്യങ്ങൾ ടൗണിലേക്കു വലിച്ചുകൊണ്ടിടുന്നതു യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.