ചിന്നക്കനാൽ ‘ഭരിക്കുന്ന’ ചക്കക്കൊമ്പൻ, പ്രായം 25; അരിക്കൊമ്പനെ പിടികൂടി കാടുമാറ്റിയതിനു പിന്നാലെ അടുത്ത ആനദൗത്യത്തിലേക്ക്

അരിക്കൊമ്പനെ പിടികൂടി കാടുമാറ്റിയതിനു പിന്നാലെ ജില്ല അടുത്ത ആനദൗത്യത്തിലേക്ക് കടക്കുന്നു. ചിന്നക്കനാൽ മേഖലയിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചു. വരുംആഴ്ചയിൽ തന്നെ ദൗത്യ നിർവഹണത്തിനായി രണ്ടു കുങ്കിയാനകളെ ജില്ലയിലെത്തിക്കുമെന്നാണ് സൂചന. ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുമെങ്കിലും ചിന്നക്കനാലിൽ തന്നെ തുടരും. പക്ഷേ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് വനംവകുപ്പ് നിരീക്ഷണം. ജില്ലയിൽ ഓരോ പ്രദേശത്തെയും പ്രധാന കാട്ടാനകളുടെ നിലവിലെ പെരുമാറ്റം അറിയാം. ഇവർക്കും വേണോ റേഡിയോ കോളർ ?
ചിന്നക്കനാൽ ‘ഭരിക്കുന്ന’ ചക്കക്കൊമ്പൻ
17 കാട്ടാനകളുള്ള ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കാെമ്പനാണ് ചക്കക്കാെമ്പൻ. പ്രായം 25. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കൃഷിയിടത്തിലിറങ്ങി പ്ലാവിൽ നിന്നും ചക്ക പറിച്ച് തിന്നുന്നത് കാെണ്ടാണ് നാട്ടുകാർ ഇൗ ഒറ്റയാന് ചക്കക്കാെമ്പൻ എന്നു പേരിട്ടത്. പ്ലാവിൽ എത്ര ഉയരത്തിലാണ് ചക്കയെങ്കിലും തുമ്പിക്കൈ കാെണ്ടെത്തി പിടിച്ച് പറിച്ചെടുക്കുന്നതാണ് ചക്കക്കാെമ്പന്റെ രീതി. ചക്കക്കാെമ്പനെ ഭയന്ന് കൃഷിയിടങ്ങളിലെ പ്ലാവുകളിൽ ഒരു ചക്ക പോലും അവശേഷിപ്പിക്കാതെ വെട്ടി കളയുകയാണ് കർഷകർ ചെയ്യാറുള്ളത്. എന്നിട്ടും ചക്ക തേടി കൃഷിയിടങ്ങളിലിറങ്ങുന്ന ചക്കക്കാെമ്പൻ ഏലവും മറ്റ് വിളകളും ചവിട്ടി നശിപ്പിക്കും. ചക്ക കൂടാതെ വാഴയും ചക്കക്കാെമ്പന്റെ ഇഷ്ട ഭക്ഷണമാണ്. 2020 വരെ ചക്കക്കാെമ്പൻ ജനവാസ മേഖലയിലിറങ്ങുന്നത് വല്ലപ്പോഴുമായിരുന്നു.
അരിക്കാെമ്പനെ ഭയന്നാണ് ചക്കക്കാെമ്പൻ കാടിനുള്ളിൽ തന്നെ കഴിഞ്ഞതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ 23ന് പന്തടിക്കളം സ്വദേശി വിജയനെ(47) കാെലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്ത് ചക്കക്കാെമ്പനാണ്. 2024 സെപ്റ്റംബറിലാണ് ചക്കക്കാെമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുറിവാലൻ കാെമ്പൻ ചരിഞ്ഞത്. 2023 ഏപ്രിൽ 29ന് അരിക്കാെമ്പനെ പിടികൂടി കാട് മാറ്റുകയും മുറിവാലൻ കാെമ്പൻ ചെരിയുകയും ചെയ്തതോടെ ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കാെമ്പൻ ചക്കക്കാെമ്പനായി. പ്രായപൂർത്തിയാകാത്ത വേറെ 2 കുട്ടിക്കാെമ്പൻമാർ കൂടി ചിന്നക്കനാൽ മേഖലിയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ബിഎൽ റാമിലെ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കാെമ്പൻ ഇന്നലെ ആനയിറങ്കൽ ഡാമിന് സമീപമെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ചക്കക്കാെമ്പൻ 301 കോളനി ഭാഗത്തേക്ക് വെള്ളത്തിലൂടെ നീന്തിയെത്തി. ഇവിടെ മീൻ പിടിച്ചു കാെണ്ടിരുന്ന ആളുകൾക്ക് ആർആർടി വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
എൻ പേര് പടയപ്പ
മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയിലും ജനജീവിതത്തിലും ഒരുപോലെ ശ്രദ്ധാകേന്ദ്രമായി മാറിയ കാട്ടാനയാണ് പടയപ്പ. കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങി റോഡുകളിലും ജനവാസ മേഖലകളിലും സാന്നിധ്യമറിയിക്കുന്ന ഈ കൂറ്റൻ കൊമ്പന്റെ വരവ് നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ കൗതുകവും ആശങ്കയുമാണ് സമ്മാനിക്കുന്നത്. ഭക്ഷണം തേടിയെത്തുന്ന പടയപ്പ പലപ്പോഴും വഴിയോര കടകൾ തകർക്കുന്നതും, വാഹനങ്ങൾ ആക്രമിച്ച് കേടുപാടുകൾ വരുത്തുന്നതും, വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടാക്കുന്നതും പതിവാണ്. പടയപ്പ എന്ന പേര് ലഭിച്ചത് സൂപ്പർതാരം രജനീകാന്ത് നായകനായി 1999-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമായ പടയപ്പ എന്ന സിനിമയിലെ നായക കഥാപാത്രത്തിന്റെ പേരിൽ നിന്നാണ്. ഗാംഭീര്യമുള്ള ശരീരവും നീണ്ട വളഞ്ഞ കൊമ്പുകളും ഗാംഭീര്യത്തോടെയുള്ള നടത്തവും കാരണം നാട്ടുകാർ ഈ പേര് വിളിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും ഈ പേര് പ്രചാരത്തിലായി. പടയപ്പയ്ക്ക് 60 നും 70 നും ഇടയിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. പൊതുവേ മനുഷ്യരോട് പൊതുവെ ശാന്തമായി പെരുമാറുന്ന ആനയാണ്. ജനവാസമേഖലകളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുമ്പോഴും ആളുകളെ ഉപദ്രവിക്കാതെ കടന്നുപോകുന്ന സ്വഭാവമാണ് . ഭക്ഷണം തേടി വഴിയോരത്തെ കടകളിലെത്തുന്നതും പഴങ്ങളും പച്ചക്കറികളും തേടുന്നതും പതിവാണ്.
കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് പടയപ്പ ആക്രമണങ്ങൾ നടത്തുന്നു. 18ന് ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലെ ന്യൂ ഡിവിഷനിൽ സുട്ടുസ്വാമിയുടെ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറി. ഉറങ്ങിക്കിടന്നിരുന്ന സുട്ടുസ്വാമിയുടെ വസ്ത്രത്തിൽ തുമ്പിക്കൈകൊണ്ട് പിടിച്ചുവലിച്ചു. മൂന്നാർ–മാട്ടുപ്പെട്ടി–തലയാർ–മറയൂർ -നല്ലതണ്ണി മേഖലകളിലാണ് പടയപ്പ സാധാരണയായി സഞ്ചരിക്കുന്നത്.
ജൂൺ മാസത്തോടെ മറയൂർ ഭാഗത്തേക്ക് നീങ്ങുകയും ഓഗസ്റ്റോടെ വീണ്ടും മൂന്നാർ മേഖലയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതാണ് പതിവ്. പൈനാപ്പിൾ, കാരറ്റ്, തണ്ണിമത്തൻ, ഇളനീർ, ബേക്കറി സാധനങ്ങൾ, ന്യൂഡിൽസ് തുടങ്ങിയവയാണ് ഇഷ്ട ഭക്ഷണങ്ങൾ.
പടയപ്പയെ മാറ്റണമെന്ന് ആവശ്യം
പടയപ്പയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന ആവശ്യം പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ പ്രായമേറിയ ആനയെ പരിചിതമായ ആവാസ മേഖലയിൽനിന്ന് മാറ്റുന്നത് അപകടകരമാകാമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. പുതിയ സ്ഥലത്ത് മറ്റ് ആനകളുമായി ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. പടയപ്പയുടെ സാന്നിധ്യം നിരീക്ഷിക്കാൻ വനംവകുപ്പ് വാച്ചർമാരെയും ദ്രുതപ്രതികരണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പടയപ്പയെ കാണുക എന്നത് പലപ്പോഴും കൗതുകകരമായ അനുഭവമാണ്. സമൂഹമാധ്യമങ്ങളിലും പടയപ്പയ്ക്ക് ആരാധകരുണ്ട്. പാവങ്ങൾ: വിരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ
ജനവാസ മേഖലയിൽ കടന്നാൽ വൻ തോതിൽ കൃഷി തകർത്ത് ദിവസങ്ങളോളം തുടരുന്നതാണ് രീതി. ഒരൊറ്റ വരവിൽ കർഷകരുടെ വർഷങ്ങളുടെ അധ്വാനം ഇല്ലാതാകും. വിരിഞ്ഞ ശരീര പ്രകൃതമായതിനാലാണ് വിരിക്കൊമ്പൻ എന്ന പേരു വന്നത്. ഒരു കൊമ്പ് മാത്രമുള്ളതിനാൽ ഒറ്റക്കൊമ്പനും…
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ചിന്നാർ വന്യജീവി സങ്കേതത്തിൽ വരൾച്ച അനുഭവപ്പെടുന്ന സമയങ്ങളിൽ മറയൂർ–കാന്തല്ലൂർ ജനവാസ മേഖലകളിലേക്കെത്താറുള്ള ഒറ്റക്കൊമ്പനും വിരികൊമ്പനും ഉൾപ്പെടെയുള്ള കാട്ടാനകളുടെ ശല്യം കഴിഞ്ഞ രണ്ടു മാസമായി കുറഞ്ഞത് മറയൂർ –കാന്തല്ലൂർ മേഖലയിലെ നാട്ടുകാർക്ക് ആശ്വാസമാകുന്നു. എന്നാലും കാട് കടന്നെത്തുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്.
ജനവാസ മേഖലയിൽ കടന്നാൽ വൻ തോതിൽ കൃഷി തകർത്ത് ദിവസങ്ങളോളം തുടരുന്നതാണ് രീതി. ഒരൊറ്റ വരവിൽ കർഷകരുടെ വർഷങ്ങളുടെ അധ്വാനം ഇല്ലാതാകും. വിരിഞ്ഞ ശരീര പ്രകൃതമായതിനാലാണ് വിരിക്കൊമ്പൻ എന്ന പേരു വന്നത്. ഒരു കൊമ്പ് മാത്രമുള്ളതിനാൽ ഒറ്റക്കൊമ്പനും. ഉടുമ്പൻചോല ദേശീയപാതയിൽ ഇറങ്ങിയാൽ ചിലപ്പോൾ ഇരുവർക്കും മണിക്കൂറുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാം. ഒരൊറ്റ നടത്തത്തിൽ മൂന്നാറിലുമെത്താം. പ്രധാന ചുറ്റിക്കറങ്ങൽ ഈ മേഖലയിലാണ്. നിലവിൽ ശല്യമില്ലെങ്കിലും വനം വകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കണ്ടാൽ പ്രദേശവാസികൾക്ക് അപ്പോൾ തന്നെ അറിയിപ്പു നൽകും.













































































































































