നിലയ്ക്കലിൽ സോളാർ മൾട്ടിലെവൽ പാർക്കിംഗ് വരും, പമ്പയിലേക്ക് 24 മണിക്കൂറും ഇലക്ട്രിക് ബസ്

ഇടുക്കി: ശബരിമല തീർത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആശ്വാസമായും പരിസ്ഥിതി സംരക്ഷണം മുൻനിറുത്തിയുമുള്ള ബൃഹദ് പദ്ധതികളുമായി വനംവകുപ്പ്. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിലയ്ക്കലിൽ സോളാർ പവറിൽ പ്രവർത്തിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് വനം മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ദിവസം മുഴുവൻ ഇലക്ട്രിക് ബസ് സർവീസ് ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അഴുതക്കടവിലെ പരമ്പരാഗത കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്കായി വനംവകുപ്പ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലമകരവിളക്ക് സീസൺ അടുക്കുമ്പോൾ മാത്രം തിരക്കിട്ട് താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്ന പതിവ് രീതി സർക്കാർ അവസാനിപ്പിക്കുകയാണ്. പകരം വർഷം മുഴുവൻ പ്രയോജനപ്പെടുന്ന സ്ഥിരം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാൻ നിലവിലെ തീർത്ഥാടന കാലം കഴിഞ്ഞാലുടൻ വിവിധ സർക്കാർ വകുപ്പുകളുടെ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരമ്പരാഗത പാതയായ അഴുതക്കടവിലൂടെ എത്തിയ തീർത്ഥാടകരുമായി മന്ത്രി നേരിട്ട് സംവദിക്കുകയും കാനനപാതയിലെ യാത്രാ സൗകര്യങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ, ഷാനവാസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.പരിസ്ഥിതി സൗഹൃദത്തിന് ‘തിരുപ്പതി മോഡൽ”
പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമല പൂങ്കാവനത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ശബരിമലയിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കാൻ തിരുപ്പതി മാതൃകയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. പ്ലാസ്റ്റിക്കിന് പകരം പ്രകൃതിദത്തമായി നശിക്കുന്ന ബാഗുകളിലേക്കും മറ്റ് ബദൽ ഉത്പന്നങ്ങളിലേക്കും മാറുന്നതിലൂടെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ സാധിക്കും. ഹരിതോർജ്ജ സ്രോതസുകൾ ഉപയോഗിച്ചുള്ള കൂടുതൽ പദ്ധതികളും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.













































































































































