വീട്ടിലേയ്ക്കുള്ള സഞ്ചാരം മുടക്കി പഞ്ചായത്തിന്റെ കുടിവെള്ള പൈപ്പ് ലൈൻ. പ്രതിഷേധവുമായി വീട്ടമ്മമാർ
കട്ടപ്പന : രണ്ടു കുടുംബങ്ങളുടെ വഴിമുടക്കി പഞ്ചായത്തിന്റെ ജലവിതരണ പൈപ്പ് ലൈൻ. അണക്കര അമ്പലമേട്ടിൽ നാല് വർഷങ്ങൾക്ക് മുൻപാണ് രണ്ട് കുടുംബങ്ങളുടെ ഏക ആശ്രയമായ നടപ്പ് വഴിയിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചത്.വഴി കോൺക്രീറ്റ് ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ പറഞ്ഞു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന അമ്പലമേട്ടിൽ 2017 ലാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി
കുളത്തുംകുഴിയിൽ ഉഷ സോമൻ ,സരള സുരേന്ദ്രൻ എന്നിവരുടെ വീടുകളിലേയ്ക്കുള്ള നടപ്പ് വഴിയ്ക്ക് നടുവിലൂടെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ചത്.പൈപ്പുകൾ മണ്ണിനടിയിലാക്കിയതിന് ശേഷം മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് നൽകാമെന്ന് വാർഡ് മെമ്പറും കരാറുകാരനും ഉറപ്പ് നൽകിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ പിന്നീട് കുഴികൾ മൂടാൻ പോലും കരാറുകാരൻ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.ഇരുമ്പ് പൈപ്പ് ലൈൻ മണ്ണിനു മുകളിൽ ഉയർന്നു നിൽക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ. നടപ്പുവഴി സഞ്ചാരി യോഗ്യമാക്കി നൽകണമെന്ന് പല തവണ മെമ്പറോട് ആവശ്യപ്പെട്ടെങ്കിലും നിരസ്സിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും വീട്ടമ്മമാർ പറഞ്ഞു. അതേ സമയം കുടിവെള്ള പദ്ധതിയും ഇതുവരെ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല.