ഇടുക്കി ജല വൈദ്യുത പദ്ധതിയിൽ ഇത്തവണ റെക്കോഡ് വൈദ്യുതി ഉത്പാദനം . മൂലമറ്റത്ത് ഉത്പാദിപ്പിച്ചത് 3,376 .404 ദശലക്ഷം യൂണിറ്റ് വൈദ്യുതി .
.
ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ ഈ വര്‍ഷം ഉത്പാദിപ്പിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വൈദ്യുതി.മഴ മാറി നില്‍ക്കാത്ത ഈ വര്‍ഷം ഇതുവരെ 3,376.402 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഒരു വര്‍ഷത്തെ ആകെ ഉത്പാദനം 2500 മില്യണ്‍ യൂണിറ്റ് വരുന്ന തരത്തിലാണ് ഇടുക്കി പദ്ധതിയുടെ രൂപകല്‍പ്പന. എന്നാല്‍ ഈവര്‍ഷമത് 3600- 3700 ദശലക്ഷം യൂണിറ്റിലെത്തും.
നവംബറിലെ വൈദ്യുത ഉത്പാദനവും റെക്കാഡാണ്. 501.8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. വേനല്‍കാല മാസത്തില്‍ പോലും പരമവാധി 450 ദശലക്ഷം യൂണിറ്റ് വരെയാണ് ഉത്പാദിപ്പിക്കാറുള്ളത്. ഇതിനിടയില്‍ ഒരു ജനറേറ്ററിന് തകരാര്‍ കൂടി വന്നില്ലായിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടിയേനേ. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകള്‍ പരമാവധി പ്രവര്‍ത്തിപ്പിച്ചാല്‍ 18.72 ദശലക്ഷം യൂണിറ്റാണ് ഒരു ദിവസം ഉത്പാദിപ്പിക്കാനാകുക.
തുടര്‍ച്ചയായ മഴ മൂലം അണക്കെട്ടില്‍ ജലനിരപ്പ് താഴാതെ നിന്നതും രാജ്യത്തെ വൈദ്യുതി ക്ഷാമവും കാരണമാണ് ഉത്പാദനം കൂടാന്‍ കാരണം.
വൈദ്യുത ഉത്പാദനം (ദശലക്ഷം യൂണിറ്റില്‍)
ജനുവരി- 233.777
ഫെബ്രുവരി- 319.025
മാര്‍ച്ച്- 341.387
ഏപ്രില്‍- 270.974
മേയ്- 235.928
ജൂണ്‍- 210.153
ജൂലായ്- 326.07
ആഗസ്റ്റ്- 342.726
സെപ്തംബര്‍- 145.717
ഒക്ടോബര്‍- 389.275
നവംബര്‍- 501.801
ജനറേറ്റര്‍ അറ്റകുറ്റപണി പുനരാരംഭിച്ചു
മൂലമറ്റം പവര്‍ഹൗസിലെ ആറാം നമ്ബര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിക്കായി മാറ്റി. ഒരു മാസത്തോളം നീളുന്ന അറ്റകുറ്റപണി പ്രത്യേക സാഹചര്യത്തില്‍ 22 ദിവസത്തിനകം തീര്‍ക്കാനാണ് പദ്ധതി. 1, 3 നമ്ബര്‍ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപണി നേരത്തെ തന്നെ തീര്‍ന്നിരുന്നു. ഇനി 2, 4, 5 ജനറേറ്ററുകള്‍ കൂടി അറ്റകുറ്റപണി നടത്തേണ്ടതുണ്ട്. 90 ദിവസം കൊണ്ട് നിലവിലെ ജോലികളെല്ലാം തീര്‍ക്കാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. വേനല്‍ എത്തുന്നതിന് മുമ്ബ് എല്ലാ ജനറേറ്ററിന്റെയും പണികള്‍ തീര്‍ത്ത് പൂര്‍ണതോതിലുള്ള ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. കനത്തമഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുതിയച്ചുയര്‍ന്നതോടെ നവംബറില്‍ എല്ലാ ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ച്ചയായി ആയിരം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും പലതരത്തിലുള്ള തകരാറുകള്‍ വര്‍ഷങ്ങളായി ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയാണ്.