ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി; ഭക്ഷണ സാധനങ്ങൾക്കു വില കൂടുമോ?
സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കി തൊട്ടാൽ പൊള്ളുന്ന തരത്തിൽ പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. 70 രൂപയിലേക്കു താഴ്ന്ന തക്കാളിക്കു ഇന്നലെ 90–100 രൂപയായിരുന്നു ചില്ലറ വില. മുരിങ്ങക്കായയ്ക്കു കിലോയ്ക്ക് 170–180 രൂപയും. മറ്റു മിക്ക ഇനങ്ങൾക്കും പൊള്ളുന്ന വില തന്നെ. സവാള, ഉരുളക്കിഴങ്ങ് തുടങ്ങി ചുരുക്കം ചില ഇനങ്ങൾക്കു മാത്രമാണ് അൽപമെങ്കിലും വില കുറഞ്ഞു നിൽക്കുന്നത്.അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞമാസം പച്ചക്കറി വിപണിയിൽ വിലക്കയറ്റം രൂക്ഷമായിരുന്നു. തുടർന്നു സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറി നേരിട്ടെത്തിച്ചതോടെ വില കുറഞ്ഞു തുടങ്ങുകയും ചെയ്തു. എന്നാലിപ്പോൾ വില വീണ്ടും കുതിച്ചുയരുകയാണ്. ഇന്ധനവില വർധന ഉൾപ്പെടെ വിലക്കയറ്റത്താൽ സാധാരണക്കാർ പൊറുതി മുട്ടുമ്പോഴാണ് ഇടിത്തീയായി പച്ചക്കറി വിലയും ഉയരുന്നത്. അനിയന്ത്രിത വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്.പച്ചക്കറി വില വർധന ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കുന്നു.
വിലക്കയറ്റം തടയാൻ വിപണിയിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിൽ ഹോർട്ടികോർപ്പിന് മൂന്നാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലായി ആകെ 3 സ്റ്റാളുകൾ മാത്രമാണുള്ളത്. പുറത്തെ വിലയെക്കാൾ 20 – 25 ശതമാനം വരെ കുറച്ചാണ് ഇവിടങ്ങളിൽ വിൽപന. സപ്ലൈകോയുമായി സഹകരിച്ച് അടിമാലി, രാജാക്കാട്, തൊടുപുഴ എന്നിവിടങ്ങളിൽ ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി
കോവിഡ് അടച്ചിടലിനുശേഷം പതിയെ ജീവൻ വച്ചു തുടങ്ങിയിരുന്ന ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയാകുകയാണ് പരിധിയില്ലാത്ത വിലക്കയറ്റം. പച്ചക്കറി വിപണിയിൽ മിക്ക ഇനങ്ങളുടെയും വില ഉയർന്നു തന്നെ. പലചരക്ക് സാധനങ്ങളുടെ വിലയും ഒട്ടും പിന്നിലല്ല. കൂടെ ഇറച്ചിയും മത്സരത്തിനുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസവും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി.
101 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് 2095.50 രൂപയായി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 266 രൂപ കൂട്ടിയിരുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിനു 906.50 രൂപയാണ് നിലവിലെ വില. വിറകിനും തീപിടിച്ച വിലയാണ്. പലയിടത്തും ആവശ്യത്തിനു കിട്ടാനുമില്ല. ഇതോടെ പിടിച്ചു നിൽക്കാനുള്ള പെടാപ്പാടിലാണ് മിക്ക ഹോട്ടലുകളും.
ഈ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾക്കു വില കൂട്ടാതെ മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണെന്നു ഹോട്ടലുടമകൾ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കേറ്ററിങ് മേഖലയും മാന്ദ്യത്തിലായിട്ടുണ്ട്. പഴയതു പോലെ ഓർഡറുകൾ ഇല്ലാത്ത സ്ഥിതിയാണ്. കോവിഡ് വന്നതോടെ നഷ്ടത്തിലായ ഒട്ടേറെപ്പേർ കേറ്ററിങ് വിട്ട് മറ്റു ജോലികളിലേക്കു മാറുകയും ചെയ്തു.