കായികം
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അജാസ് പട്ടേൽ; ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ജിം ലോക്കറിനും കുംബ്ലെക്കും പിൻഗാമി


മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതി ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തം പേരിലാക്കിയത്.ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്ക് കുടിയേറിയ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.